തൊടുപുഴ: കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽനിന്നും പിരിച്ചുവിട്ട സിവിൽ പോലീസ് ഓഫീസറിനെതിരെ നടപടിയുണ്ടായത് ഏറെനാളത്തെ നിരീക്ഷണത്തിനുശേഷം.
മുന്പും പോലീസിന്റെ രഹസ്യവിവരങ്ങൾ ഇയാൾ ചോർത്തിയെന്ന സംശയത്തെത്തുടർന്ന് ഏറെനാളായി സ്പെഷൽ ബ്രാഞ്ചും ഇയാളെ നിരീക്ഷണത്തിലാക്കിയിരുന്നു.
കരുതലെന്ന നിലയിൽ പോലീസ് ശേഖരിച്ച രാഷ്ട്രീയ നേതാക്കളുടെ വ്യക്തിവിവരങ്ങൾ എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തിനൽകിയ സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന പി.കെ. അനസിനെയാണ് ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസാമി ജോലിയിൽനിന്ന് പുറത്താക്കിയത്.
ഡിസംബർ മൂന്നിന് വർഗീയത വളർത്തുന്ന രീതിയിൽ പ്രവാചകവിരുദ്ധ പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തൊടുപുഴയിൽ കെ എസ്ആർടിസി ഡ്രൈവറെ എസ്ഡിപിഐ പ്രവർത്തകർ അക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു.
മകൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വണ്ണപ്പുറം സ്വദേശിയുടെ മൊബൈലിലെ വാട്ട്സ്ആപ്പിലേക്ക് പോലീസിന്റെ ഒൗദ്യോഗിക ഡേറ്റാ ബേസിൽനിന്നുള്ള വ്യക്തിവിവരങ്ങൾ അനസ് അയച്ചതായി തൊടുപുഴ ഡിവൈഎസ്പി കെ. സദനാണ് കണ്ടെത്തിയത്.
തുടർന്ന് ഡിസംബർ 22ന് അനസിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 28ന് സസ്പെൻഡു ചെയ്തു.
പിന്നീട് ഉന്നത നിർദേശത്തെത്തുടർന്ന് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജി. ലാൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് അനസ് സ്ഥിരമായി മറ്റു പാർട്ടികളിലുള്ളവരുടെ വ്യക്തിവിവരങ്ങൾ പോലീസിന്റെ ഡാറ്റാബേസിൽനിന്നും എസ്ഡിപിഐക്കാർക്ക് ചോർത്തി നൽകിയിരുന്നതായി കണ്ടെത്തിയത്.
ഇത്തരത്തിൽ നൂറിലേറെ പേരുടെ വിവരങ്ങൾ ചോർത്തി നൽകിയതായാണ് വിവരം. ഇതുകൂടാതെ വർഗീയത പരത്തുന്ന സന്ദേശങ്ങളും അയച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു.പോലീസുകാർ രാഷ്ട്രീയവിഷയങ്ങളിൽ ഇടപെടരുതെന്ന ചട്ടം നിലനിൽക്കെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അനസ് രാഷ്ട്രപതിക്ക് ഇ- മെയിൽ അയച്ചതായും കണ്ടെത്തി.
തുടർന്ന് ഇയാളെ പിരിച്ചുവിടാൻ ശിപാർശചെയ്ത് ഡിവൈഎസ്പി എ.ജി. ലാൽ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജനുവരി 28ന് പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അനസിന് ജില്ലാ പോലീസ് മേധാവി കാരണം കാണിക്കൽ നോട്ടീസ് നൽകി.
എന്നാൽ അനസിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ പിരിച്ചുവിടാൻ കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവി ഉത്തരവിടുകയായിരുന്നു.