കോട്ടയം: ഏഷ്യൻ കപ്പിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച മലയാളി ഫുട്ബോൾ താരം അനസ് എടത്തൊടിക ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുന്നു. ടീമിന്റെ പുതിയ പരിശീലകനായ ഇഗോൾ സ്റ്റിമാച്ച് നേരിട്ട് ക്ഷണിച്ചതോടെയാണ് പ്രതിരോധ താരമായ അനസ് തന്റെ വിരമിക്കൽ തീരുമാനം ഉപേക്ഷിച്ചത്.
ഇന്റർകോണ്ടിനെന്റൽ കപ്പിനുള്ള 35 അംഗ ടീമിലാണ് അനസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നിലുള്ള വിശ്വാസം പരിശീലകൻ വ്യക്തമാക്കി കഴിഞ്ഞു. ആ വിശ്വാസം കാക്കേണ്ടത് എന്റെ കടമയാണ്. പരിശീലന ക്യാന്പിലെത്താൻ നിർദേശിച്ച് കോച്ച് മെസേജ് അയച്ചിരുന്നു, ടീമിനൊപ്പം ചേരാനായി കാത്തിരിക്കുകയാണ് – അനസ് പറഞ്ഞു. ഏഷ്യൻ കപ്പിൽ ബെഹ്റിനെതിരായ തോൽവിക്കു പിന്നാലെയാണ് അനസ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 19 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.
ഇന്റർകോണ്ടിനെന്റൽ കപ്പിനുള്ള ഇന്ത്യൻ പരിശീലന ക്യാന്പിൽ ഇതോടെ മലയാളികളുടെ എണ്ണം നാല് ആയി. സഹൽ അബ്ദുൾ സമദ്, ആഷിക് കുരുണിയൻ, ജോബി ജസ്റ്റിൻ എന്നിവർ 35 അംഗ പട്ടികയിലുണ്ട്. തായ്ലൻഡിൽ നടന്ന കിംഗ്സ് കപ്പിൽ സഹൽ ഇന്ത്യൻ ടീമിലുണ്ടായിരുന്നു.
ഈ മാസം 25 മുതൽ മുംബൈയിലാണ് ഇന്റർകോണ്ടിനെന്റൽ പോരാട്ടത്തിനുള്ള ക്യാന്പ് നടക്കുക. മികച്ച സെന്റർ ബാക്കുകളുടെ അഭാവമാണ് അനസിനെ തിരിച്ചുവിളിക്കാൻ സ്റ്റിമാച്ചിനെ നിർബന്ധിതനാക്കിയത്.