അടിമാലി: പഴയകാല ബൈക്കുകളും സ്കൂട്ടറുകളും പൊന്നുപോലെ സൂക്ഷിക്കുന്ന ഹൈറേഞ്ചുകാരനാണ് അടിമാലി സ്വദേശിയായ അനസ് കൂനാരിയിൽ.
മഡ് റെയിസ്, സ്പീഡ് റെയിസ് മത്സരങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്നു അനസ്. ബൈക്ക് റെയിസിംഗിലെ കന്പം പിന്നീട് പഴയകാല ഇരുചക്ര വാഹനങ്ങളോടുള്ള അടങ്ങാത്ത ഇഷ്ടമായി മാറി.
അടിമാലിയിലെ കൂനാരിയിൽ വീടിന്റെ മുറ്റത്തിന്ന് നിരത്തുകളിൽ രാജാക്കൻമാരായിരുന്ന അറുപതോളം പഴയകാല ഇരുചക്രവാഹനങ്ങളുടെ ശേഖരമുണ്ട്.
1959-ൽ ഇറങ്ങിയ ലാംബ്രട്ടയാണ് അനസിന്റെ ശേഖരത്തിലുള്ള ഏറ്റവും പഴയ വാഹനം. ലാംബി മാക്, ലാംബി പോളോ, ലാംബി വണ്ഫിഫ്റ്റി, വിജയ് സൂപ്പർ, ആൽവിൻ പുഷ്പക്, അവാന്തി കെൽവിനേറ്റർ, രാജദൂത്, ജാവ, എസ്ഡി തുടങ്ങി ഓരോ കാലത്തും നിരത്തിൽ ട്രെൻഡിംഗ് തീർത്ത ഇരുചക്രവാഹനങ്ങൾ അനസ് തന്റെ വർക്ക്ഷോപ്പിൽ നിരനിരയായി സൂക്ഷിച്ചിട്ടുണ്ട്.
മൂന്നാറിൽ വിനോദസഞ്ചാരികൾക്കായി പഴയകാല ഇരുചക്ര വാഹനങ്ങളുടെ ഒരു മ്യൂസിയമൊരുക്കണമെന്ന ആഗ്രഹമാണ് ഈ അടിമാലിക്കാരനുള്ളത്.
അനസിന്റെ ശേഖരത്തിലുള്ള സ്കൂട്ടറുകളിൽ പലതിനുമിന്ന് മോഹവിലയുള്ളതാണ്. പഴയ ഇരുചക്രവാഹനങ്ങൾ എവിടെ കണ്ടാലും സ്വന്തമാക്കാൻ അനസിന്റെ മനസ് വല്ലാതെ മോഹിക്കും.
അങ്ങനെ പലപ്പോഴായി വിലകൊടുത്തും മറ്റും വാങ്ങിയതാണ് പഴക്കംചെന്നെങ്കിലും പ്രൗഢിമങ്ങാത്ത ഈ ഇരുചക്രവാഹനങ്ങളിൽ പലതും.
പഴയകാല വാഹനങ്ങളെ സ്വന്തമാക്കി ശേഖരിക്കുന്ന അനസ് അഭിനേതാവ് കൂടിയാണ്. ചില ഹ്രസ്വചിത്രങ്ങളിലും സിനിമകളിലുമൊക്കെ ഈ ഹൈറേഞ്ച്കാരൻ മുഖം കാണിച്ചുകഴിഞ്ഞു.
സിനിമാ ചിത്രീകരണ ആവശ്യങ്ങൾക്കായും അനസ് തന്റെ പഴയ വാഹനങ്ങൾ വിട്ടുനൽകാറുണ്ട്.