ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കുന്നതായി ഇന്ത്യന്‍ താരം അനസ് എടത്തൊടിക. നല്ല പ്രകടനം കാഴ്ചവയ്ക്കാനാകുന്ന യുവകളിക്കാര്ക്കുവേണ്ടിയാണ് താന്‍ വിരമിക്കുന്നതെന്ന് അനസ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പലപ്പോഴും പരിക്കിന്റെ പിടിയിലാകുന്നതാണ് അനസിന് വെല്ലുവിളിയാകുന്നത്.
ഏഷ്യന്‍ കപ്പില്‍ നിർണായക മത്സര ത്തിൽ ബെഹറിനെതിരേ ഇറങ്ങിയെങ്കിലും പരിക്കിനെത്തുടര്‍ന്ന് ആദ്യ മിനിറ്റുകളില്‍തന്നെ കളംവിടേണ്ടി വന്നു. ഇന്ത്യക്കു വേണ്ടി 19 മത്സരങ്ങളില്‍ മലപ്പുറംകാരന് ഇറങ്ങിയിട്ടുണ്ട്. സെന്റര്‍ ബാക് പൊസിഷനിലായിരുന്നു ഈ മുപ്പത്തിയൊന്നുകാരന് കളിച്ചിരുന്നത്. ഇന്ത്യന്‍ സെന്‍ട്രല്‍ ഡിഫന്‍സില്‍ സന്ദേശ് ജിംഗനൊപ്പം വിശ്വസിക്കാവുന്ന ആളായിരുന്നു അനസ്.
വളരെ വിഷമത്തോടെയാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്നും തന്നെ വിശ്വസിച്ച പരിശീലകന് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനും മറ്റു സഹപരിശീലകര്‍ക്കും സഹകളിക്കാര്‍ക്കും നന്ദിയറിയിക്കുന്നതായും അനസ് അറിയിച്ചു. ഇന്ത്യന്‍ ടീമിനൊപ്പം അധികകാലം ചെലവഴിക്കാനായില്ലെങ്കിലും ഉള്ളകാലം മനോഹരമായിരുന്നുവെന്നും അനസ് കുറിച്ചു.