അറബിക്കടലിലെ ന്യൂനമർദം ശക്തി പ്രാപിക്കുംമുന്പേ വ്യാഴാഴ്ച രാത്രിയിൽ ഷൊർണൂർ കുളപ്പുള്ളിയിലുണ്ടായ “മേഘ-സ്ഫോടനം” ബല്ലാത്തൊരു പുകിലായിരിക്കുന്നു.
അന്നു പെയ്തൊഴിയാത്ത കാർഘമേഘങ്ങൾ നിഴൽ വിരിക്കുകയാണ് പലരിലേക്കും. പെയ്ത മഴയുടെ റൂട്ട്മാപ്പ് എടുക്കണോ അതോ കാർമേഘങ്ങളുടെ സന്പൂർണ കണക്കെടുപ്പു നടത്തണമോ എന്നറിയാതെ ഉഴലുകയാണ് പോലീസും ആരോഗ്യപ്രവർത്തകരും.
കോവിഡ് കാലത്തെ വൈറസ് വിശേഷങ്ങളിൽ അനാശാസ്യ വൈറസുകളും ഇഴചേരുന്പോൾ ആശങ്കയിലാണ് എല്ലാവരും. അനാശാസ്യത്തിനു റെയ്ഡിൽ പിടിയിലായ ആസം സ്വദേശിനിക്കു കോവിഡ് രോഗബാധയുണ്ടെന്നു സ്ഥിരീകരണം വന്നതോടെ പലരും മാനംപോകാതിരുന്നാൽ മതിയെന്നു പറഞ്ഞു
തലയിൽ മുണ്ടിട്ടു നടക്കാൻ തുടങ്ങിയിട്ടുമുണ്ട്. അനാശാസ്യ കേസിൽ റിമാൻഡു ചെയ്യപ്പെട്ട പത്തു പേരും റിമാൻഡിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുകയാണ്. സ്ത്രീകൾ കണ്ണൂർ ജയിലിലും പുരുഷന്മാർ ആലത്തൂർ ജയിലിലും.
റെയ്ഡ്, അറസ്റ്റ്
ഷൊർണൂർ കുളപ്പുള്ളിയിലെ മേഘാ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ അനാശാസ്യ പ്രവർത്തനം നടത്തുന്നതായി കണ്ടെത്തിയ അസം സ്വദേശികളായ രണ്ടുപേരുൾപ്പെടെ നാലു സ്ത്രീകളടക്കം എട്ടു പേരെയാണ് ആദ്യം അറസ്റ്റു ചെയ്തത്.
പിന്നീട് ലോഡ്ജുടമയെയും മാനേജരെയും അറസ്റ്റ് ചെയ്തു. ലോഡ്ജ് ഉടമ വല്ലപ്പുഴ സ്വദേശി ബഷീർ (49), മാനേജർ ചളവറ സ്വദേശി നാരായണൻ (51), പനമണ്ണ സ്വദേശി മണികണ്ഠൻ (45), അസം സ്വദേശിയായ മുബാറക്ക് (36), മുള്ളൂർക്കര സ്വദേശി ശബരീഷ് (40), മണ്ണേങ്കോട് സ്വദേശി ഷിബിൽ (20), മണലൂർ സ്വദേശി ബിന്ദു (44), കാറൽമണ്ണ സ്വദേശിനി ഖദീജത്തുൽ ഉബ്രസാന (34), അസം സ്വദേശിനികളായ സബീന ഖാത്തൂൻ (22), ശിഖരിണി ദാസ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വിവാദ ലോഡ്ജ്
പാലക്കാട് ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഷൊർണൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ. ഹരീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിനോദ്, വിവേക് നാരായണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൈനബ, രമേഷ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രകാശൻ, മിജേഷ്, പ്രശോഭ് എന്നിവരുൾപ്പെടുന്ന സംഘമാണ് ലോഡ്ജിൽ പരിശോധന നടത്തിയത്.
നിരീക്ഷണകേന്ദ്രമായി പ്രവർത്തിച്ചിരുന്ന ലോഡ്ജിലാണ് അനാശാസ്യ പ്രവർത്തനം നടത്തിയിരുന്നതെന്നു പോലീസ് പറയുന്നു. സ്ത്രീക്കു രോഗം സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ദിവസം ലോഡ്ജിൽ അണുനശീകരണം നടത്തി.
2013ലും ഇതേ ലോഡ്ജിൽനിന്ന് അനാശാസ്യ പ്രവർത്തനത്തിനു കേസെടുത്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. കോവിഡ് നിരീക്ഷണകേന്ദ്രമായിരുന്ന ലോഡ്ജിൽ സ്ഥിരം പോലീസ് പരിശോധനയുണ്ടായിരുന്നെങ്കിലും ആരുമില്ലാതായതോടെ നിർത്തിയിരുന്നു. രണ്ടാഴ്ചയായി പരിശോധനയില്ലാത്തതിന്റെ മറവിലായിരുന്നു അനാശാസ്യമെന്ന് പോലീസ് പറഞ്ഞു.
കുടുംബങ്ങൾ കലങ്ങുമോ..?
കോവിഡ് കാലത്തെ റൂട്ട്മാപ്പിനെക്കുറിച്ച് ഒരുപാട് തമാശകളിറങ്ങിയിട്ടുണ്ട്. ചിരിച്ചു മണ്ണുകപ്പി പലരും വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇത്തരം മെസേജുകൾ ഫോർവേഡ് ചെയ്തിട്ടുമുണ്ട്.
പക്ഷേ, ഷൊർണൂർ, കുളപ്പുള്ളി മേഖലകളിലെ ചില ഗ്രൂപ്പുകളും മൊബൈൽ ഫോണുകളുമെല്ലാം ഇപ്പോൾ ഓഫ് ലൈനിലാണെന്നു കൂടി ചേർത്തു വായിക്കണം. ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും റൂട്ട്മാപ്പിന്റെയും കാര്യം തഥൈവ..! അല്ലാതെന്തു പറയാൻ..!