ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനശ്വര രാജന്‍. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ ചിത്രങ്ങളാണ് അനശ്വരയുടേതായി പിന്നീട് പുറത്തു വന്നത്. ബിജു മേനോന്‍ നായകനായി എത്തിയ ‘ആദ്യരാത്രി’ എന്ന ചിത്രത്തില്‍ നവവധുവിന്റെ വേഷമിട്ടതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോള്‍. 15 കിലോ ഭാരം വരുന്ന സാരിയും ആഭരണങ്ങളുമാണ് അന്ന് ഞാന്‍ അണിഞ്ഞത്, വധു എങ്ങനെയാണ് ഇതൊക്കെ അണിഞ്ഞ് പുഞ്ചിരിയോടെ നില്‍ക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല എന്നാണ് അനശ്വര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അനശ്വരയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ…
‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ അമ്മയുടെ സാരിയും കുറച്ച് ആഭരണവും അണിഞ്ഞ് വധുവിനെപ്പോലെ ഒരുങ്ങാറുണ്ടായിരുന്നു. വിവാഹത്തിന് ഞാന്‍ എങ്ങനെ അണിഞ്ഞ് ഒരുങ്ങണമെന്നും എന്ത് സാരിയും ആഭരണങ്ങളുമാണ് അണിയേണ്ടതെന്നും ഓര്‍ക്കാറുണ്ട്. അത് എനിക്ക് സിനിമയില്‍ സാധിച്ചു. ഇതൊരു രസകരമായ കാര്യമല്ലേ. വിവാഹദിവസം എങ്ങനെയാണെന്നും നമ്മുടെ ഒരുക്കവുമൊക്കെ അറിയാന്‍ കഴിഞ്ഞില്ലേ? പക്ഷേ സത്യം പറയട്ടേ, ഈ വലിയ ആടയാഭരണങ്ങള്‍ അണിഞ്ഞ് ഇങ്ങനെ നില്‍ക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വിവാഹദിവസം എങ്ങനെയാണ് ഈ വസ്ത്രമൊക്കെ അണിഞ്ഞ് വധു ഇത്ര പുഞ്ചിരിയോടെ നില്‍ക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല.
ആദ്യരാത്രി എന്ന സിനിമയില്‍ വധുവിന്റെ വേഷം അണിഞ്ഞപ്പോള്‍ 45 കിലോ ഉള്ള എന്റെ ഭാരം 60 ആയി. 15 കിലോ ഭാരം വരുന്ന സാരിയും ആഭരണങ്ങളുമാണ് ഞാന്‍ അന്ന് അണിഞ്ഞത്. മുടിയാണെങ്കില്‍ ഞെരുങ്ങി ഇരിക്കുന്നതുകാരണം ചൊറിയുകയും ചെയ്യുന്നുണ്ട്. സത്യത്തില്‍ നേരെചൊവ്വേ ഒന്ന് ശ്വാസം വിടാന്‍പോലും കഴിഞ്ഞില്ല. എന്തായാലും ആഭരണത്തിന്റെ കാര്യത്തില്‍ ഇനി ഞാന്‍ അല്‍പം നിയന്ത്രണംവയ്ക്കും’ എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.