എം. പ്രേംകുമാർ
തിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രയാസങ്ങൾ കണ്ടു വളർന്ന ആനത്തലവട്ടം ആനന്ദൻ സ്വയം തെരഞ്ഞെടുത്ത വഴിയാണു രാഷ്ട്രീയ പ്രവർത്തനം.
ദാരിദ്ര്യത്തിന്റെ ദുരിതം രുചിക്കുന്പോഴാണു ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറായി ജോലി ലഭിക്കുന്നത്. എന്നാൽ കുടുംബത്തിന് ആശ്രയമാകുമെന്നു രക്ഷകർത്താക്കൾ കരുതിയ മകൻ ജോലി വേണ്ടെന്നു വച്ചു.
അവകാശങ്ങൾക്കായി സ്ഥാപനങ്ങൾക്കു മുന്നിൽ ചെങ്കൊടിയേന്തി സമരം ചെയ്യുന്ന തൊഴിലാളികളുടെ സമീപത്തേക്കു പോയ ആനനത്തലവട്ടം ആനന്ദൻ പിന്നീടു തൊഴിലാളികളുടെ പ്രിയങ്കരനായ സമര നേതാവായി മാറുകയായിരുന്നു.
1954ൽ ഒരണകൂലിക്കു വേണ്ടി നടന്ന കയർ സമരത്തിലൂടെയാണു രാഷ്ട്രീയ പ്രവർത്തനരംഗത്ത് ആനത്തലവട്ടം ആനന്ദൻ സജീവമാകുന്നത്. സിപിഎമ്മിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിൽ വ്യക്തമായ നിലപാടുള്ള ആളായിരുന്നു ആനന്ദൻ.
പാർട്ടി ബ്രാഞ്ചു സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിവരെ അദ്ദേഹം പ്രവർത്തിച്ചു. തിരുവനന്തപുരം ജില്ലയിലെ സിപിഎമ്മിന്റെ ഏറ്റവും തലയെടുപ്പുള്ള നേതാവായിരുന്നു ആനന്ദൻ.
കാട്ടായിക്കോണം ശ്രീധരന്റെയും കെ. അനിരുദ്ധന്റെയും അരുമ ശിഷ്യനുമായിരുന്നു. സിപിഎമ്മിലെ വിഭാഗീയതയിൽ എല്ലാക്കാലത്തും വി.എസ്. അച്യുതാനന്ദനോടൊപ്പം അടിയുറച്ചു നിന്ന നേതാവായിരുന്നു അദ്ദേഹം.
ജില്ലയിൽ ആറ്റിങ്ങലിൽ നിന്നും മൂന്നു തവണ നിയമസഭയിലെത്തി. പക്ഷേ മന്ത്രിയായില്ല. വിഎസ് മുഖ്യമന്ത്രിയായപ്പോൾ മന്ത്രിയാകുമെന്നു കരുതിയതാണ്. അതുണ്ടായില്ല. അപ്പോഴും അദ്ദേഹത്തിനു പരാതിയുണ്ടായില്ല. ഇതായിരുന്നു ആനത്തലവട്ടം ആനന്ദൻ.
മലപ്പുറത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനു ശേഷമാണു തിരുവനന്തപുരം ജില്ലയിൽ വിഎസ് പക്ഷത്തിന്റെ ആധിപത്യത്തിനു വിള്ളലേൽക്കുന്നത്.
വിഎസിനൊപ്പം നിന്ന ആനാവൂർ നാഗപ്പനും വി. ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും പിണറായി പക്ഷത്തേക്കു മാറി. അപ്പോഴും ആനത്തലവട്ടം ആനന്ദൻ വിഎസിനൊപ്പം ഉറച്ചുനിന്നു.
സംസ്ഥാന കമ്മിറ്റിയിൽ വിഎസിന് അനുകൂലമായി സംസാരിക്കുന്ന ജില്ലയിൽ നിന്നുള്ള പ്രധാന നേതാവായിരുന്നു അദ്ദേഹം.
വിഎസിനൊപ്പം ശക്തമായി നിൽക്കുന്പോഴാണു പാർട്ടി സെക്രട്ടേറിയറ്റിൽ എത്തുന്നത്. നിലപാടിലെ വ്യക്തതയും തൊഴിലാളി നേതാവെന്നുള്ള പരിഗണനയുമാണ് ഇതിനു കാരണമായത്.
പാർട്ടി നേതൃത്വം പ്രതിസന്ധിയിൽ ആകുന്ന ഘട്ടങ്ങളിലെല്ലാം മാധ്യമ ചർച്ചകളിൽ മറ്റും അദ്ദേഹം പറയുന്ന കാര്യങ്ങൾ സിപിഎമ്മിന്റെ നിലപാടായി മാറിയിട്ടുണ്ട്. എതിരാളികൾക്കു പോലും ആനത്തലവട്ടം സ്വീകാര്യനായിരുന്നു.