കെഎസ്ആര്ടിസി എംഡി ടോമിന് തച്ചങ്കരിയ്ക്കെതിരേ അതിരൂക്ഷ വിമര്ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്.’തൊഴിലാളികള് സമരം ചെയ്ത് അധികാരവര്ഗത്തെ മുട്ടു കുത്തിച്ച സമയം തച്ചങ്കരി ജനിച്ചിട്ടില്ല. തനിക്ക് എല്ലാ പണിയും അറിയാം എന്നാണ് അദ്ദേഹം കരുതുന്നത്.
നമ്മള് ചെത്തുതൊഴിലാളി ക്ഷേമ നിധി ബോര്ഡിന്റെ ചെയര്മാന് ആക്കാതിരുന്നത് ഭാഗ്യം. അങ്ങിനെയാണെങ്കില് ഇയാള് തെങ്ങില് കയറിയേനെ. തച്ചങ്കരിയെ മാറ്റുകയില്ല. എന്നെക്കൊണ്ട് കഴിയില്ല ഇതിനെ മേയ്ക്കാന് എന്നു പറഞ്ഞ് അയാള് ഇറങ്ങിപ്പോകണം’ അദ്ദേഹം പറഞ്ഞു.
എം.ഡി. ടോമിന് തച്ചങ്കരിക്കെതിരേ ഭരണപ്രതിപക്ഷ യൂണിയനുകള് സംയുക്തമായി നടത്തുന്ന സമരത്തിന്റെ പ്രഖ്യാപന കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആര്ടിസി മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ, വ്യവസായ വിരുദ്ധ നിലപാടിനെതിരെയാണ് സംയുക്ത സമര പ്രഖ്യാപന കണ്വന്ഷന് സംഘടിപ്പിച്ചത്. സിഐടിയു, ഐഎന്ടിയുസി, എഐടിയുസി എന്നിവരാണ് ഒന്നിച്ചു സമരം ചെയ്യുന്നത്.
തൊഴിലാളികളുടെ അവകാശങ്ങള് സംരക്ഷിക്കാനും അമിതമായി ജോലി ചെയ്യിപ്പിക്കുന്നതു ചെറുക്കാനുമാണു സമരമെന്നാണ് യൂണിയനുകളുടെ അവകാശ വാദം. ആനത്തലവട്ടം ആനന്ദനെ കൂടാതെ വൈക്കം വിശ്വന്, കെ.പി.രാജേന്ദ്രന്, തമ്പാനൂര് രവി എന്നിവരും ചടങ്ങില് പങ്കെടുത്തു.