തിരുവനന്തപുരം: അമിത കൂലി വാങ്ങുന്നതും ജോലി ചെയ്യാതെ കാശ് വാങ്ങുന്നതും അംഗീകരിക്കില്ലെന്ന് സിഐടിയു സംസ്ഥാന നേതാവ് ആനത്തലവട്ടം ആനന്ദൻ. തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും ലൈസൻസ് എടുത്തിട്ടുള്ള തൊഴിലാളികളെ കൊണ്ട് ലോഡുകൾ ഇറക്കാതെ മറ്റ് തൊഴിലാളികളെ കൊണ്ട് തൊഴിലുടമകൾ ലോഡുകൾ ഇറക്കുകയോ കയറ്റുകയോ ചെയ്താൽ അതിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മല്ലപ്പള്ളിയിൽ വീട് നിർമാണത്തിനെത്തിച്ച 120 ചതുരശ്ര അടി ഗ്രാനൈറ്റ് ഇറക്കാൻ സിഐടിയു തൊഴിലാളികൾ 13,000 രൂപ ആവശ്യപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോഴാണ് ആനത്തലവട്ടം ഇക്കാര്യം വ്യക്തമാക്കിയത്.
മല്ലപ്പള്ളി വെണ്ണിക്കുളം പടുതോട് നാറാണത്ത് രാജു വർഗീസിന്റെ വീട് നിർമാണത്തിനെത്തിച്ച ഗ്രാനൈറ്റ് വാഹനത്തിൽ നിന്നിറക്കാൻ ഏഴ് സിഐടിയു തൊഴിലാളികൾ 13,000രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് രാജു വർഗീസ് മല്ലപ്പള്ളി അസിസ്റ്റന്റ് ലേബർ ഓഫീസറോട് പരാതി അറിയിച്ചിരുന്നു. ലേബർ ഓഫീസർ സ്ഥലത്തെത്തി തൊഴിലാളികളുമായി നടത്തിയ ചർച്ചയിൽ പിന്നീട് 2000രൂപയ്ക്ക് ലോഡ് ഇറക്കാൻ ധാരണയാകുകയായിരുന്നു.