പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പ്രധാന സംഭരണികളിലൊന്നായ ആനത്തോട് ഡാമിന്റെ ഗാലറിയിലേക്കുള്ള റോഡ് ഇടിഞ്ഞു താഴുന്നത് ഭീഷണി ഉയർത്തുന്നു. സംഭവം ഒരാഴ്ച മുന്പ് ശ്രദ്ധയിൽപ്പെട്ടിട്ടും നടപടികൾ ആരംഭിക്കാത്തത് ആശങ്കയ്ക്കും കാരണമായി.
ഡാമിൽനിന്ന് 300 മീറ്റർ അകലെയാണ് ഇടിഞ്ഞ ഭാഗം. ഡാമിനുതന്നെ ഭീഷണി ഉയർത്തുന്ന തരത്തിലുള്ള മലയിടിച്ചിൽ ശ്രദ്ധയിൽപ്പെട്ടതോടെ ഡ്യൂട്ടി ഉദ്യോഗസ്ഥർ കെഎസ്ഇബി ആസ്ഥാനത്തേക്കു വിവരങ്ങൾ കൈമാറിയിരുന്നു.
ഭൗമ ഗവേഷണ കേന്ദ്രത്തിലെയും ഡാം സുരക്ഷ അഥോറിറ്റിയിലെയും ഉന്നത ഉദ്യോഗസ്ഥർ അടുത്തദിവസങ്ങളിൽ സ്ഥലം സന്ദർശിക്കുമെന്ന് സൂചനയുണ്ട്. ഒരാഴ്ച മുന്പാണ് ഡാമിലേക്കുള്ള റോഡ് ഇടിഞ്ഞു താഴുന്നത് ആദ്യം ശ്രദ്ധയിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ഗാലറി റോഡ് അടച്ചിട്ടു.
മഴ മാറി നിന്ന സമയത്തെ മലയിടിച്ചിൽ അതീവ ഗൗരവമുള്ളതാകാമെന്നു സംശയിക്കുന്നു. 2018ലെ മഹാപ്രളയത്തോടനുബന്ധിച്ചു സംഭരണി തുറന്നുവിട്ട സമയത്ത് ഉണ്ടായ ശക്തമായ ഒഴുക്കിൽ ഇതേ മലയുടെ അടിഭാഗം ഏക്കർ കണക്കിന് വിസ്തൃതിയിൽ ഒഴുകിപ്പോയിരുന്നു. ഇതിനോടു ചേർന്ന സ്ഥലത്തിന്റെ മുകൾഭാഗമാണ് ഇപ്പോൾ ഇടിയുന്നതെന്ന് അധികൃതർ പറഞ്ഞു.
ഇടിഞ്ഞു താഴ്ന്ന സ്ഥലത്തെ മണ്ണിനു കട്ടി കുറവാണ്. അണക്കെട്ട് തുറക്കുന്പോൾ വെള്ളം കക്കിയാറിലേക്ക് ഒഴുകേണ്ടതും ഈ ഭാഗങ്ങളിലൂടെയാണ്. ഗാലറിയിലേക്കുള്ള വഴി ഏതാണ്ട് പൂർണമായി ഇടിഞ്ഞതോടെ അവിടേക്ക് ഉദ്യോഗസ്ഥർക്ക് യാത്രയും ബുദ്ധിമുട്ടിലായി.
അണക്കെട്ട് ബലപ്പെടുത്തുന്ന വാർഷിക അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട യന്ത്രങ്ങളും മറ്റും ഗാലറിയിലേക്കെത്തിക്കാനും റോഡ് തകർച്ച കാരണം ഏറെ ബുദ്ധിമുട്ടി. സംഭരണിയിൽ നിലവിൽ 79 ശതമാനം വെള്ളവുമുണ്ട്.