കീവ്: യുക്രെയ്ന്റെ ചെറുത്തുനിൽപ്പിൽ വലയുന്ന റഷ്യൻ പട്ടാളം കൈവിട്ട കളികൾക്കു മുതിരുന്നു.
യുക്രെയ്നിൽ സപ്പോറി ക്ഷ്യയിലുള്ള യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിൽ റഷ്യൻ പട്ടാളം നടത്തിയ ആക്രമണം ലോകമൊട്ടാകെ ഭീതിയിലാഴ്ത്തി.
കീവ്, ഖാർകീവ്, മരിയുപോൾ നഗരങ്ങൾ കീഴടക്കാനുള്ള പോരാട്ടം റഷ്യൻസേന ഊർജിതമാക്കി.
കിഴക്കൻ യുക്രെയ്നിലെ എനർഹോദാർ നഗരത്തിലുള്ള സപ്പോറിക്ഷ്യ ആണവനിലയം റഷ്യ പിടിച്ചെടുത്തു.
ഇന്നലെ പുലർച്ചെ നിലയത്തിനുനേർക്കു ഷെല്ലാക്രമണമുണ്ടായി. നിലയവളപ്പിനു പുറത്തുള്ള പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്ന അഞ്ചുനില കെട്ടിടത്തിനു തീപിടിച്ചു.
യുക്രെയ്ൻ അഗ്നിശമനസേനാംഗങ്ങൾ ഒരു മണിക്കൂറിനകം തീകെടുത്തി. റിയാക്ടറുകൾ അടക്കം നിലയം സുരക്ഷിതമാണെന്നും അണുവികിരണ തോതിൽ മാറ്റമുണ്ടായിട്ടില്ലെന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റാഫേൽ ഗ്രോസി അറിയിച്ചു.
നിലയത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ യുക്രെയ്ന്റെ രണ്ടു പട്ടാളക്കാർ കൊല്ലപ്പെട്ടു, മൂന്നു പേർക്കു പരിക്കേറ്റു. സപ്പോറിക്ഷ്യയിലെ ആക്രമണം ആറു ചേർണോബിൽ ദുരന്തത്തിനു സമാനമായേനേയെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. റഷ്യൻ നടപടിയെ ലോക നേതാക്കൾ അപലപിച്ചു.
യുദ്ധത്തിന്റെ ഒന്പതാം ദിവസമായ ഇന്നലെയും റഷ്യൻ സേന യുക്രെയ്നിൽനിന്നു ശക്തമായ പ്രതിരോധം നേരിട്ടു. റഷ്യയുടെ 64 കിലോമീറ്റർ നീളമുള്ള സൈനികവാഹന വ്യൂഹം കീവിലേക്കു മുന്നേറാൻ വിഷമിക്കുന്നു. യുക്രെയ്ൻ സേനയുടെ ചെറുത്തുനിൽപ്പാണ് ഒരു കാരണം.
ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും സ്പെയർപാർട്സുകളുടെയും അഭാവം നേരിടുന്നതും റഷ്യൻ പട്ടാളക്കാരുടെ വീര്യം ചോരുന്നതും മറ്റു കാരണങ്ങളായി പറയുന്നു.
തെക്കുള്ള ഖെർസൺ തുറമുഖനഗരം പിടിച്ചെടുത്തതിനപ്പുറം റഷ്യൻ നീക്കങ്ങൾ വിജയം കാണുന്നില്ല. വടക്കുകിഴക്ക് റഷ്യൻ ഷെല്ലാക്രമണത്തിൽ മുങ്ങിയ ഖാർകീവ് നഗരം വീഴാതെ പിടിച്ചുനിൽക്കുന്നു.
തെക്കുകിഴക്ക് മരിയുപോൾ തുറമുഖനഗരത്തിൽ റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. മറ്റൊരു തുറമുഖ നഗരമായ മിക്കേളേവിലേക്കുള്ള റഷ്യൻ നീക്കം യുക്രെയ്ൻ പരാജയപ്പെടുത്തി.
ജനങ്ങൾ കൊല്ലപ്പെടുന്നതും ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ടു നിറഞ്ഞതും യുക്രെയ്നിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നു റെഡ്ക്രോസ് മുന്നറിയിപ്പു നല്കി.
റഷ്യക്കുമേൽ സമ്മർദം വർധിപ്പിക്കുന്നതും യുക്രെയ്നെ സഹായിക്കുന്നതും ചർച്ച ചെയ്യാനായി യൂറോപ്യൻ യൂണിയൻ, നാറ്റോ, ജി-7 വിദേശകാര്യമന്ത്രിമാരുടെ യോഗം ബ്രസൽസിൽ ഇന്നലെ ചേർന്നു.
കഴിഞ്ഞദിവസം നടന്ന റഷ്യ-യുക്രെയ്ൻ രണ്ടാം വർട്ട ചർച്ചയിൽ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളൊന്നും ഉണ്ടായില്ല. യുദ്ധമേഖലകളിൽനിന്നു ജനങ്ങളെ ഒഴിപ്പിക്കാൻ പ്രത്യേക വഴിയൊരുക്കാമെന്ന് ഇരുപക്ഷവും സമ്മതിച്ചു.
റഷ്യയെ കുറ്റപ്പെടുത്തുന്ന മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിടുന്ന നടപടി മോസ്കോ തുടരുന്നു. ബിബിസിയുടെ റഷ്യകാര്യ വകുപ്പിനു നിയന്ത്രണങ്ങളേർപ്പെടുത്തി.
സ്വതന്ത്ര മാധ്യമമായ ടിവി റെയിൻ ചാനൽ പ്രവർത്തനം നിർത്തി. പട്ടാളത്തെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കു തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം റഷ്യയിലെ അധോസഭയായ ഡ്യൂമ പാസാക്കി.