ബസില്‍ നിന്നിറങ്ങി ഫോണില്‍ അനിയനെ വിളിക്കാന്‍ ശ്രമിച്ച് ഞാന്‍ മുന്നോട്ട് നടക്കുന്നു! അപ്പോഴാണ് ബസ് പതിയെ പിന്നാലെ വരുന്നുണ്ടെന്ന് മനസിലാകുന്നത്; ആനവണ്ടി ആങ്ങളയായ സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നു; വീഡിയോ

സ്ത്രീസുരക്ഷ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഏതൊരാളുടെയും ഹൃദയത്തെ സ്പര്‍ശിച്ച ഒരു സംഭവം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ കേരളമറിയുകയുണ്ടായി. പാതിരാത്രി വിജനമായ സ്റ്റോപ്പില്‍ ഇറങ്ങിയ പെണ്‍കുട്ടിയ്ക്ക് സഹോദരന്‍ എത്തുന്നതു വരെ കാവല്‍ നിന്ന കെഎസ്ആര്‍ടിസി ബസിന്റെയും ജീവനക്കാരുടെയും യാത്രക്കാരുടെയും വാര്‍ത്ത.

അന്ന് രാത്രി തന്നെ അത്ഭുതപ്പെടുത്തിയ ആ സംഭവത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് ആതിര വിജയന്‍ എന്ന പേരില്‍ പെണ്‍കുട്ടി തന്നെ ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അതാണ് പിന്നീട് ലോകം മുഴുവന്‍ വായിച്ചറിഞ്ഞ് മനസ് നിറച്ചത്. ആ കെഎസ്ആര്‍ടിസി ജീവനക്കാരെ എല്ലാവരും മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.

ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ പെണ്‍കുട്ടി, ആതിര, അന്നത്തെ ആ അനുഭവം വിവരിക്കുകയുണ്ടായി. കൊല്ലം ശങ്കരമംഗലം സ്വദേശിയായ ആതിര കൊച്ചി ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ ജീവനക്കാരി കൂടിയാണ്. നടന്ന കാര്യങ്ങള്‍ ആതിര വിവരിക്കുന്നതിങ്ങനെ:

‘ഏകദേശം ഒരുമണിയോടെ ബസ് ശങ്കരമംഗലം സ്റ്റോപ്പിലെത്തി. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. സാധാരണപോലെ ഞാന്‍ ബസില്‍ നിന്നിറങ്ങി. പോലീസ് സ്റ്റേഷന് സമീപമാണ് എന്നെ ഇറക്കിയത്. സാധാരണ കുറച്ചുകൂടി മുന്നോട്ടുള്ള ക്ഷേത്രത്തിന് സമീപമാണ് ബസ് നിര്‍ത്താറുള്ളത്. ബസില്‍ നിന്നിറങ്ങി ഫോണില്‍ അനിയനെ വിളിക്കാന്‍ ശ്രമിച്ച് ഞാന്‍ മുന്നോട്ട് നടക്കുന്നു. അപ്പോഴാണ് ബസ് പതിയെ തന്റെ പിന്നാലെ വരുന്നുണ്ടെന്ന് മനസിലാകുന്നത്. സാധാരണ ആളിറങ്ങി കഴിഞ്ഞാല്‍ ബസ് വേഗം പോകുകയാണ് പതിവ്.

എനിക്കരികിലേക്ക് ചേര്‍ത്ത് നിര്‍ത്തിയ ബസിനുള്ളില്‍ നിന്നും കണ്ടക്ടര്‍ ചോദിച്ചു. എവിടെയാണ് വിടേണ്ടത്? റോഡ് സൈഡിലാണ് വീടെങ്കില്‍ അവിടെ വിടാം. കുട്ടി വണ്ടിയില്‍ കയറൂ. സ്‌നേഹത്തിന്റെ സുരക്ഷയൊരുക്കിയ ആ ചോദ്യത്തിന് അവള്‍ ഇങ്ങനെ മറുപടി നല്‍കി. എന്റെ അനിയന്‍ ഇപ്പോഴെത്തും സര്‍, നിങ്ങള്‍ പൊയ്‌ക്കോളൂ. മഴയായത് കൊണ്ടാണ് അവന്‍ വൈകുന്നതെന്ന് തോന്നുന്നു. ഇപ്പോഴെത്തും നിങ്ങള്‍ പൊയ്‌ക്കോളൂ.

പക്ഷേ പോകാന്‍ അവര്‍ക്ക് മനസുവന്നില്ല. ആ പാതിരാത്രിയ്ക്ക് കനത്ത മഴയത്ത് എന്നെ തനിച്ചാക്കി മുന്നോട്ട് പോകാന്‍ ബസിലെ യാത്രക്കാരും തയാറായിരുന്നില്ല. അനിയന്‍ വരട്ടെ അതുവരെ ആങ്ങളയായി ആ ബസ് കൂട്ടിരുന്നു. ‘അനിയന്‍ വരട്ടെ, എന്നിട്ട് ഞങ്ങള്‍ പോകാം’. ജീവനക്കാര്‍ ഉറപ്പിച്ചു. അപ്പോഴേക്കും അനിയന്റെ ബൈക്ക് ദൂരെ നിന്ന് വരുന്നത് കണ്ടു. അവന്‍ വരുന്നുണ്ട് നിങ്ങള്‍ പൊയ്‌ക്കോളൂ എന്ന് പറഞിഞു. അവിടെയും അവര്‍ പോകാന്‍ തയാറായില്ല. അനിയന്‍ എത്തി.

റെയില്‍കോട്ട് ഇടാന്‍ വഴിയരികില്‍ നിര്‍ത്തിയതാണ് അവന്‍ വൈകാന്‍ കാരണം. പിന്നെ നിര്‍ത്താതെ പെയ്യുന്ന മഴയും. ബൈക്കില്‍ കയറിയിരുന്നിട്ടും പറഞ്ഞു. ‘സാര്‍, ഇതെന്റെ അനിയന്‍ ഉണ്ണി, ഇനി നിങ്ങള്‍ പൊയ്‌ക്കോളൂ… സ്‌നേഹത്തോടെ കരുതലോടെ അപ്പോഴും ആ ജീവനക്കാര്‍ പറഞ്ഞു. കുട്ടി പോയിട്ട് ഞങ്ങള്‍ പോകാം. പിന്നെ മറിച്ചൊന്നും പറഞ്ഞില്ല.

വര്‍ഷങ്ങളായി കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യുന്ന ആളാണ് ഞാന്‍. പക്ഷേ ജീവിതത്തില്‍ ഇത്തരത്തിലൊരു അനുഭവം ആദ്യമായിരുന്നു. അവരുടെ കണ്‍വട്ടത്ത് നിന്ന് ഞങ്ങള്‍ മറയുന്നത് വരെ ആ ബസും ബസിനുള്ളിലെ ജീവനക്കാരും യാത്രക്കാരും നോക്കി നിന്നു. വീട്ടിലെത്തിയപ്പോഴാണ് ഒരുനന്ദി വാക്കുപോലും പറഞ്ഞില്ലല്ലോ എന്ന കാര്യം ഓര്‍മ വന്നത്. അങ്ങനെയാണ് ഫേസ്ബുക്കില്‍ അനുഭവക്കുറിപ്പ് എഴുതിയത്. പിന്നീട് ഈ പോസ്റ്റ് ആനവണ്ടി ട്രാവല്‍ ബ്ലോഗ് എന്ന പേജിലും ഷെയര്‍ ചെയ്തു. ഇതോടെയാണ് പോസ്റ്റ് ഇത്രത്തോളം വൈറലായത്.

തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ജീവനക്കാരായ ഷൈജുവിനെയും ഗോപകുമാറിനെയും തേടി അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. സമൂഹമാധ്യമങ്ങളിലും ഇവര്‍ ഹീറോയായി. വാര്‍ത്ത അറിഞ്ഞ് തിരുവനന്തപുരം ജില്ലാ ട്രാന്‍സ്‌പോര്‍ട് ഓഫിസറും ഉന്നത ഉദ്യോഗസ്ഥരും അവരെ ഫോണില്‍ അഭിനന്ദനമറിയിക്കുകയും ചെയ്തിരുന്നു. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരിയും ഇരുവര്‍ക്കും അഭിനന്ദനക്കുറിപ്പും നല്‍കി.

അന്നുരാത്രിനടന്ന സംഭവങ്ങള്‍ ആതിര തന്നെ വിവരിക്കുന്ന വിഡിയോ ആനവണ്ടി ബ്ലോഗ് എന്ന പേജില്‍ പങ്കുവച്ചിട്ടുണ്ട്. ആ വീഡിയോ കാണാം…

https://youtu.be/HifQIH6kHbU

Related posts