സ്വന്തം ലേഖകന്‍
മുക്കം(കോഴിക്കോട്): കക്കാടംപൊയിലിലെ പി.വി.അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കില്‍ റവന്യു വകുപ്പിന്റെ രഹസ്യ പരിശോധന. കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി.ജോസിന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ ആറോടെ റവന്യു അധികൃതരെത്തിയത്. ഒന്നര മണിക്കൂറോളം പാര്‍ക്കിലും പരിസരത്തും നടത്തിയ പരിശോധന അതീവ രഹസ്യമായിരുന്നു. വിവരമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയപ്പോഴേക്കും കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധന കഴിഞ്ഞ് തിരിച്ചു പോവുകയും ചെയ്തു.
പാര്‍ക്കിനെതിരെ നിരവധി പരാതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കളക്ടറുടെ പരിശോധക്ക് ഏറെ പ്രസക്തിയുണ്ട്. ദുരന്ത നിവാരണ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടും അന്‍വറിനെതിരെ കളക്ടര്‍ നടപടിയെടുത്തിരുന്നില്ല. ഈ സാഹചര്യത്തില്‍ കളക്ടര്‍ യു.വി ജോസിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ദുരന്ത നിവാരണ നിയമം അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ഒരു പരിശോധന പോലും നടത്താന്‍ നേരത്തെ ജില്ലാ ഭരണകൂടം തയ്യാറിയിരുന്നില്ല.
സ്ഥലം കയ്യേറിയിട്ടുണ്ടോയെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണത്തിന് റിപ്പോര്‍ട്ട് തേടിയതൊഴിച്ചാല്‍ ജില്ലാഭരണ കൂടം നിഷ്ക്രിയമായിരുന്നു.രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് കളക്ടര്‍ വഴിപ്പെട്ടതിനാലാണ് നടപടിയെടുക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഈ സാഹചര്യത്തിലാണ് കളക്ടറുടെ പരിശോധനയെന്നതും ശ്രദ്ധേയമാണ്. സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരമുള്ള പാര്‍ക്കിരിക്കുന്ന പ്രദേശം ദുരന്തസാധ്യതാ മേഖലയായി സര്‍ക്കാര്‍ നിശ്ചയിച്ചതാണ്. അപകട സാധ്യതാ മേഖലയായി പ്രഖ്യപിച്ചിരിക്കുന്ന ഇവിടെ യാതൊരു നിര്‍മ്മാണ പ്രവൃത്തിയും പാടില്ല.
ഇരുപത് ഡിഗ്രിയിലധികം ചരിവുള്ള പ്രദേശത്ത് മഴക്കുഴി പോലും പാടില്ലെന്നും ദുരന്ത നിവാരണ വകുപ്പ് നിര്‍ദ്ദേശമുണ്ട് .മഴക്കുഴി പോലും പാടില്ലെന്ന് പറയുന്നിടത്ത് പക്ഷേ രണ്ടരലക്ഷത്തിലധികം ലിറ്റര്‍ വെള്ളമാണ് കെട്ടി നിര്‍ത്തിയിരിക്കുന്നത്. ഓരോ ജില്ലയിലും കളക്ടര്‍ ഉള്‍പ്പെടുന്ന സമിതിയാണ് ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടത്.