എം.പ്രേംകുമാർ
തിരുവനന്തപുരം : രണ്ടു ഘടകങ്ങളാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെത്താൻ ആനാവൂർ നാഗപ്പനു സഹായകമായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 13 മണ്ഡലങ്ങളിൽ ഇടതുമുന്നണിയ്ക്കു വിജയിക്കാനായതാണ് ഒരു ഘടകം.
മറ്റൊന്നു എം.വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ ഇവരിൽ ആരെ കൊള്ളണം ആരെ തള്ളണമെന്നതിലുള്ള പാർട്ടി നേതൃത്വത്തിലെ ആശയക്കുഴപ്പം.
ഒടുവിൽ തിരുവനന്തപുരത്തെ പാർട്ടി നേതാക്കളെയും സമ്മേളന പ്രതിനിധികളെയും ആശ്ചര്യപ്പെടുത്തി ജില്ലാ സെക്രട്ടറി കൂടിയായ ആനാവുർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയതു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നയപരമായ ഇടപെടലിലൂടെയാണ്.
പുതുമുഖത്തിന്റെ വരവിനെ മുഖ്യമന്ത്രി പിണറായി വിജയനും എതിർത്തില്ല.പ്രായപരിധിയിൽ സിപിഎം കർശനനിലപാട് എടുത്തതിനെ തുടർന്നു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന ആനത്തലവട്ടം ആനന്ദന് ഒഴിയേണ്ടി വന്നു.
നിലവിൽ സിഐടിയു സംസ്ഥാന പ്രസിഡന്റുകൂടിയാണു ആനത്തലവട്ടം. ജില്ലയിലെ മുതിർന്ന നേതാവും സ്പീക്കറും മന്ത്രിയുമായിരുന്ന എം.വിജയകുമാർ ഈ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തുമെന്നായിരുന്നു പൊതുവെ പാർട്ടിയിലുണ്ടായിരുന്ന സംസാരം.
കോടിയേരി ബാലകൃഷ്ണനുമായുള്ള വിജയകുമാറിന്റെ അടുപ്പവും ഇതിനു ബലമേകി. എന്നാൽ ഒരു കാലത്തു വി.എസ്.അച്യുതാനന്ദന്റെ കടുത്ത അനുയായിരുന്ന അദ്ദേഹത്തെ അത്ര പെട്ടെന്നു ഉൾക്കൊള്ളാൻ പിണറായി വിജയൻ തയാറായിരുന്നില്ല.
അതോടെ ചർച്ച കടകംപള്ളി സുരേന്ദ്രനിലേയ്ക്കായി. വിഎസിനൊപ്പം ശക്തമായി നിലകൊണ്ടിരുന്ന തിരുവനന്തപുരം ജില്ല പിണറായി പക്ഷത്തേയ്ക്കു മാറ്റുന്നതിൽ ആനാവൂർ നാഗപ്പനൊപ്പം സുപ്രധാനമായ പങ്കുവഹിച്ച നേതാവാണ് കടകംപള്ളി സുരേന്ദ്രൻ.
ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴും കടകംപള്ളി പിണറായിയുടെ വിശ്വസ്ഥനായിരുന്നു. മന്ത്രിയായപ്പോൾ ആ ബന്ധം കൂടുതൽ ദൃഢമായി. ഇതിനിടെ കടകംപള്ളിക്കെതിരെ പാർട്ടിയിൽ ഉയർന്ന ആരോപണങ്ങൾ പിണറായിയേയും കോടിയേരിയേയും ഒരുപോലെ അസ്വസ്ഥരാക്കി.
എന്നാൽ നേതാക്കളുടെ ഈ അതൃപ്തി തന്നെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പെടുത്താതിരിക്കാനുള്ള അയോഗ്യതയാകുമെന്നു കടകംപള്ളി ഒരിക്കലും വിചാരിച്ചിരുന്നില്ല. ആനാവൂർ നാഗപ്പനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതും തന്നെ ഉൾപ്പെടുത്താത്തതും കടകംപള്ളി സുരേന്ദ്രനു ഓർക്കാപുറത്തു കിട്ടിയ പ്രഹരമായി.
മന്ത്രി വി.ശിവൻകുട്ടിയെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന പിടിവാശിയൊന്നും കോടിയേരി കാണിച്ചില്ല. അതുകൊണ്ടുതന്നെ പ്രധാന ഘട്ടങ്ങളിലൊന്നും ശിവൻകുട്ടിയുടെ പേരു പരാമർശ വിധേയമായില്ല. വനിതാ നേതാവായ ടി.എൻ. സീമയേയും പാർട്ടി നേതൃത്വം പരിഗണിച്ചില്ല.
ഇങ്ങനെയൊരു സാഹചര്യത്തിലാണു ആനാവൂർ നാഗപ്പനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താനുള്ള തന്റെ നിലപാടു കോടിയേരി പോളിറ്റ്ബ്യൂറോ അംഗങ്ങൾ കുടി പങ്കെടുത്ത യോഗത്തിൽ അറിയിച്ചത്. ഒരു എതിർപ്പും കൂടാതെ കോടിയേരിയുടെ നിർദേശം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കൂടി സാന്നിധ്യത്തിൽ അംഗീകരിക്കുകയായിരുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റിലേയ്ക്കുള്ള പടികയറ്റം അപ്രതീക്ഷിതമാണെങ്കിലും ആനാവൂർ നാഗപ്പനു ഇതു പാർട്ടി നൽകിയ അംഗീകാരം കൂടിയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 14 മണ്ഡലങ്ങളിൽ 13 മണ്ഡലങ്ങളിലും ഇടതുമുന്നണിയ്ക്കു വിജയിക്കാനായതിനു പിന്നിൽ ആനാവൂർ നാഗപ്പന്റെ നേതൃത്വമായിരുന്നു. സിപിഎം സംസ്ഥാന സമ്മേളന റിപ്പോർട്ടിലും ഇതിന്റെ പേരിൽ നാഗപ്പനു പ്രശംസയും ലഭിച്ചു.
കൂടാതെ വിഭാഗീയതയൊന്നുമില്ലാതെ പാർട്ടിയെ ജില്ലയിൽ നയിക്കാനും നാഗപ്പനു സാധിച്ചു. ഇതിനെല്ലാം കൂടി ലഭിച്ച അംഗീകാരം കൂടിയാണു സംസ്ഥാന സെക്രട്ടേറിയറ്റിലേയ്ക്കുള്ള ഈ പുതിയ നിയോഗം.
ആനാവൂർ നാഗപ്പൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിയേണ്ടി വരും. ആനാവൂരിന്റെ പകരക്കാരനായി ആരെത്തുമെന്നതാണ് ജില്ലയിലെ സിപിഎമ്മിൽ ഇനി ചർച്ച. ജില്ലയിലെ മുതിർന്ന നേതാവ് സി.ജയൻബാബു, പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗമായിട്ടുള്ള സി.അജയകുമാർ ഇവരിൽ ഒരാളാകും പുതിയ ജില്ലാ സെക്രട്ടറിയായി എത്തുക.