തിരുവനന്തപുരം: ആനാവൂരിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ മർക്കന്റയിൻ സഹകരണ സംഘത്തിൽ ജോലി ലഭിച്ചത് മുൻ സിഐടിയു നേതാവിന്റെ മകൻ ഉൾപ്പെടെയുള്ളവർ.
ആനാവൂർ കത്തിലൂടെ ശിപാർശ ചെയ്ത മൂന്ന് പേരും സഹകരണ സംഘത്തിൽ നിലവിൽ ജോലി ചെയ്യുകയാണ്.എന്നാൽ ആനാവൂരിന്റെ കത്ത് പാർട്ടി തീരുമാനപ്രകാരമായിരുന്നുവെന്നും ജില്ലയിലെ മിക്ക സഹകരണ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും താൽക്കാലിക നിയമനം ഉൾപ്പെടെ പാർട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് നടക്കുന്നതെന്നും അതാണ് പാർട്ടി കീഴ് വഴക്കമെന്നുമാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷനിലെ 295 താൽക്കാലിക നിയമനങ്ങൾക്ക് പാർട്ടി പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ നൽകിയ കത്ത് പുറത്തുവന്നത് വിവാദമായതോടെയാണ് ആനാവൂർ നൽകിയ ശിപാർശ കത്തും പുറത്തുവന്നത്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് കോണ്ഗ്രസ് നേതാക്കളും എംഎൽഎ മാരും നൽകിയ ശിപാർശ കത്തുകളും ഇന്നലെ പുറത്ത് വന്നിരുന്നു.
കത്ത് വിവാദത്തിൽ കോർപ്പറേഷനിൽ കോണ്ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ നടത്തുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാനാണ് ഭരണപക്ഷം യുഡിഎഫിന്റെ കാലത്തെ കത്തുകൾ പുറത്തുവിട്ടതെന്നുമാണ് കോണ്ഗ്രസിന്റെ ആരോപണം.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളിലും പാർട്ടി നിയമനങ്ങൾ നിർബാധം തുടരുകയാണ്.
പിഎസ് സിയെ നോക്കുകുത്തിയാക്കി പാർട്ടിക്കാരെ പിൻവാതിലിലൂടെ നിയമിക്കുന്നതാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും രീതിയെന്ന് കോണ്ഗ്രസ് നേതാക്കൾ ആരോപിച്ചു.
അഭ്യസ്ത വിദ്യരായ യുവതി യുവാക്കളെ വഞ്ചിക്കുന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നതെന്നാണ് കോണ്ഗ്രസിന്റെ വാദം.
കോർപ്പറേഷനിലെ കത്ത് വിവാദത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണവും വിജിലൻസ് അന്വേഷണവും സർക്കാരും പാർട്ടിയും ഇടപെട്ട് അട്ടിമറിച്ചിരിക്കുകയാണെന്നും അന്വേഷണം തട്ടിപ്പാണെന്നും കോണ്ഗ്രസും ബിജെപിയും ആരോപിക്കുന്നു.