തൃശൂര്: മഴയൊഴിഞ്ഞു നിന്ന കര്ക്കിടക പുലരിയില് വടക്കുന്നാഥന്റെ തിരുമുറ്റത്ത് കണ്നിറയെ കരിവീരക്കാഴ്ചയൊരുക്കിയതിനൊപ്പം അണിനിരന്ന ഗജഗണങ്ങള്ക്കെല്ലാം ആനവയര് നിറയെ മൃഷ്ടാന്ന ഭോജനവും!!
മേടത്തിലെ പൂരം നാളില് നാല്പ്പത്തിയൊന്നാമത് ആനയൂട്ട് പൂരനഗരിക്ക് മറ്റൊരു പൂരമായി. ലക്ഷ്മിക്കുട്ടിയെന്ന് വിളിക്കുന്ന പൂരനഗരിയുടെ ഗജറാണി തിരുവമ്പാടി വിജയലക്ഷ്മിക്ക് ആദ്യ ചോറുരുള നല്കി വടക്കുന്നാഥ ക്ഷേത്രം മേല്ശാന്തി പയ്യപ്പിള്ളി മാധവന് നമ്പൂതിരി ആനയൂട്ടിന് തുടക്കം കുറിച്ചു.
രാവിലെ വടക്കുംനാഥ ക്ഷേത്രാങ്കണത്തില് സിംഹോദരപ്രതിഷ്ഠയ്ക്കു സമീപം അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഗജപൂജയും നടത്തിയ ശേഷമാണ് ആനയൂട്ട് ആരംഭിച്ചത്.
കേരളത്തിലെ ആനപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും കൊച്ചിന് ദേവസ്വം ബോര്ഡ് കൊമ്പന് എറണാകുളം ശിവകുമാറുമുള്പ്പടെ 52 ആനകള് കേരളത്തിന്റെ വിവിധ ഭാഗത്തു നിന്നും ആനയൂട്ടിനെത്തി. അഞ്ച് പിടിയാനകളും ആനയൂട്ടിനെത്തി.