കൊടുമണ്‍: അങ്ങാടിക്കല്‍ ഭാഗങ്ങളിലെത്തിയാല്‍ ഇപ്പോള്‍ പകല്‍ സമയം കുട്ടികളെ റബര്‍ തോട്ടങ്ങളുടെ പല ഭാഗങ്ങളിലും കാണാം.
കളിക്കാനിറങ്ങിയവരാണ് ഇവരെന്ന് കരുതരുത്. അങ്ങാടിക്കല്‍ തെക്ക് പാണൂര്‍ ഭാഗത്തുള്ള കുട്ടികളുടെ പഠനം ഇപ്പോള്‍ തോട്ടങ്ങളിലാണ്. വീട്ടിലിരുന്നാള് ഫോണിന് റേഞ്ചില്ല.
അങ്ങാടിക്കല്‍തെക്ക് എസ്എന്വിഎച്ച്എസ്എസിലാണ് കുട്ടികളാണ് ഇത്തരത്തില്‍ പഠനത്തിന് വീടിനു പുറത്തേക്ക് ഓടേണ്ടിവരുന്നത്.
കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള പാഠഭാഗങ്ങള്‍ യു ട്യൂബില്‍ ലഭിക്കാനും സ്കൂളില്‍ നിന്നുള്ള ഓണ്‍ലൈന്‍ പഠനത്തിനും കുട്ടികള്‍ക്ക് മൊബൈല്‍ റേഞ്ച് വേണം.
കഴിഞ്ഞവര്‍ഷം മുതല്‍ പരാതി പറയുന്നുണ്ടെങ്കിലും പാണൂര്‍ ഭാഗത്ത് ഒരു മൊബൈല്‍ കമ്പനിയുടെയും റേഞ്ച് ലഭിക്കുന്നില്ല.
പുത്തന്‍വിളയില്‍ അനില്‍കുമാര്‍ – ദീപ ദമ്പതികളുടെ മക്കളായ ഏഴാംക്ലാസ് വിദ്യാര്‍ഥിനി അവന്തിക, രണ്ടാംക്ലാസുകാരന് ആദര്‍ശ്, പ്ലാങ്കൂട്ടത്തില്‍ പടിഞ്ഞാറേതില്‍ പ്രദീപ് – ഇന്ദു ദമ്പതികളുടെ മകന് പാര്‍ഥിപ് എന്നീ കുട്ടികള്‍ സമീപത്തെ റബര്‍ തോട്ടത്തിലെത്തിയാണ് ക്ലാസുകളില്‍ കയറുന്നത്.
മഴക്കാലമായതോടെ കുട്ടികള്‍ ഏറെ ബുദ്ധിമുട്ടിലാണ്. നിലവില്‍ വിവിധ കമ്പനികളുടെ മൊബൈല്‍ ടവര്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തുനിന്ന് 1500 മീറ്ററെങ്കിലും ദൂരത്താണ് കുട്ടികളുടെ വീട്.
പാണൂര്‍, പുഴൂര്‍, കുളത്തിനാല്‍, കടവില്തോട്ടം പ്രദേശങ്ങളിലാണ് സിമ്മുകള്‍ക്ക് റേഞ്ച് ഇല്ലെന്ന പ്രശ്നം പ്രധാനമായുള്ളത്.