അഞ്ചല്‍: നാടിനെ നടുക്കിയ അഞ്ചല്‍ കൂട്ടക്കൊലപാതകക്കേസില്‍ പ്രതികള്‍ പിടിയില്‍. അഞ്ചല്‍ അലയമണ്‍ രജനി വിലാസത്തില്‍ രഞ്ജിനി (24), രഞ്ജിനിയുടെ പതിനേഴ് ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികള്‍ എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് അലയമണ്‍ സ്വദേശി ദിവില്‍ കുമാര്‍, കണ്ണൂര്‍ സ്വദേശി രാജേഷ് എന്നിവരെ സിബിഐ ചെന്നൈ യൂണിറ്റ് പോണ്ടിച്ചേരിയില്‍നിന്നു പിടികൂടിയത്.
ഇരുവരും മുന്‍ സൈനികരാണ്. 2006 ഫെബ്രുവരിയിലാണ് കൊലപാതകം നടന്നത്. ഒന്നാം പ്രതി ദിവില്‍കുമാര്‍ കൊല്ലപ്പെട്ട രഞ്ജിനിയുമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ രഞ്ജിനി ഗര്‍ഭിണിയായി. എന്നാല്‍ പിതൃത്വം ഏറ്റെടുക്കാന്‍ ദിവില്‍ കുമാര്‍ തയാറായിരുന്നില്ല. ഇതോടെ രഞ്ജിനിയും കുടുംബവും നിയമനടപടി ആരംഭിച്ചു.
വനിതാ കമ്മീഷനു നല്കിയ പരാതിയില്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പടെ നടത്താന്‍ ഉത്തരവിട്ടു. ഇതോടെ രഞ്ജിനിയെ ഇല്ലാതാക്കാന്‍ ദിവില്‍ കുമാര്‍ ആലോചിക്കുകയായിരുന്നു. സുഹൃത്തും സൈനികനുമായ രണ്ടാം പ്രതി രാജേഷിനെ ഇതിനായി ചുമതലപ്പെടുത്തി. പ്രസവത്തിനായി രഞ്ജിനി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിച്ച വേളയില്‍ തന്റെ സഹോദരിയെയും ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചു എന്ന വ്യാജേനെ രഞ്ജിനിയുടെ മാതാവിനെ പരിചയപ്പെട്ട രാജേഷ് ആശുപത്രിയില്‍ ഇവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു.
ഇതിലൂടെ ഇവരുടെ വിശ്വാസം നേടിയ രാജേഷ് രഞ്ജിനിയുടെ പ്രസവത്തിനുശേഷം അഞ്ചല്‍ ഏറം ഒറ്റത്തെങ്ങിലെ വാടകവീട്ടില്‍ എത്തിക്കുകയും ചെയ്തു. പിന്നീട് ഇവരുമായി കൂടുതല്‍ അടുപ്പത്തിലായി. ദിവില്‍കുമാറുമായി സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പു നല്കി.
2006 ഫെബ്രുവരി പത്തിന് രാവിലെ ഏറത്തെ വീട്ടിലെത്തിയ രാജേഷ് രഞ്ജിനിയുടെ മാതാവിനെ തന്ത്രപൂര്‍വം ഒഴിവാക്കിയ ശേഷം രഞ്ജിനിയെയും പതിനേഴ് ദിവസം മാത്രം പ്രായമായ പെണ്‍കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ ഇയാള്‍ സ്ഥലം വിടുകയും ചെയ്തു. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും തുടര്‍ന്നു സിബിഐയും അന്വേഷിച്ച കേസിലാണ് 18 വര്‍ഷത്തിനു ശേഷം പ്രതികളെ പിടികൂടിയത്.