ചങ്ങനാശേരി: ചലച്ചിത്രതാരം ജയറാമും സംഘവും എത്തിയത് അഞ്ചപ്പം ഭക്ഷണശാലയിൽ ആഹ്ലാദനിമിഷമായി. ചങ്ങനാശേരി ചന്തക്കടവിൽ കഴിഞ്ഞ 25ദിവസമായി നടന്ന മാർക്കോണി മത്തായിയുടെ ഷൂട്ടിംഗ് സമാപനദിനമായ ഇന്നലെ ഉച്ചഭക്ഷണം കഴിക്കാനാണ് അഞ്ചപ്പം ഭക്ഷണശാലയിൽ ജയറാമും സംഘവുമെത്തിയത്. അഞ്ചപ്പത്തിലെ സംഘാടകരിലൊരാളായ ഷെവ. സിബി വാണിയപ്പുരയ്ക്കൽ സ്വാഗതം ആശംസിച്ചു.
പണമില്ലാത്തതിന്റെ പേരിൽ ആർക്കും ഭക്ഷണം നിരസിക്കപ്പെടരുതെന്ന അഞ്ചപ്പം ഭക്ഷണശാലയുടെ ആശയം മഹത്തരമാണെന്നും ഇത് കേരളമാകെ വ്യാപിക്കണമെന്നും ജയറാം പറഞ്ഞു. തന്റെ കയ്യിലുള്ള കുറച്ചു പുസ്തകങ്ങൾ അഞ്ചപ്പം വായനശാലയ്ക്ക് സംഭാവന ചെയ്യുമെന്നും ജയറാം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് താൻ ചങ്ങനാശേരിയിലുണ്ടായിരുന്നു.
മനുഷ്യരെ സ്നേഹിക്കുന്ന ആളുകളെയാണ് ചങ്ങനാശേരി മാർക്കറ്റിൽ കണ്ടെത്താനായതെന്നും ജയറാം പറഞ്ഞപ്പോൾ സദസ് ഹർഷാരവം മുഴക്കി. ഉച്ചഭക്ഷണം കഴിക്കാനെത്തിയവർക്കും സംഘാടകർക്കും ജയറാമിന്റെ സന്ദർശനം ആനന്ദം പകർന്നു. സിനിമാ സംവിധായകൻ സനൽ കളത്തിൽ, കലാഭവൻ പ്രചോദ്, നടി ആത്മീയ, ടിനി ടോം എന്നിവരും സംഘത്തിലുണ്ടായിരുന്നു.