തൊടുപുഴ: മന്ത്രി എം.എം. മണി പ്രതിയായ അഞ്ചേരി ബേബി വധക്കേസ് തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി ജൂണ്‍ ഏഴിന് പരിഗണിക്കും. അടുത്തമാസം ഏഴിന് കേസിലെ എല്ലാ പ്രതികളും ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
അഞ്ചേരി ബേബി വധക്കേസിലെ പ്രതിയായിരുന്ന പി.എന്‍.മോഹന്‍ദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു സിപിഎം നേതാക്കളായ എം.എം.മണി, കെ.കെ. ജയചന്ദ്രന് എംഎല്‍എ, ഒ.ജി.മദനന്, എ.കെ. ദാമോദരന്‍ എന്നിവര്‍ക്കെതിരേ കേസെടുത്തത്. അഞ്ചേരി ബേബി വധക്കേസില്‍ ഐപിസി 302, 118, 120, 34 വകുപ്പുകള്‍ പ്രകാരമാണു ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം മജിസ്ട്രേറ്റ് മോഹന്‍ദാസിന്റെ മൊഴി എടുത്തിരുന്നു. ബേബി വധക്കേസ് നടക്കുമ്പോള്‍ ദേവികുളം താലൂക്ക് സെക്രട്ടറിയായിരുന്ന എം.എം. മണിയാണ് ഒന്നാം പ്രതി. അന്ന് ഏരിയാ സെക്രട്ടറിയായിരുന്ന കെ.കെ. ജയചന്ദന്‍ രണ്ടാം പ്രതിയും ലോക്കല്‍ സെക്രട്ടറി ഒ.ജി. മദനന് മൂന്നാം പ്രതിയും താലൂക്ക് കമ്മിറ്റി അംഗം വി.എം. ജോസഫ് നാലാം പ്രതിയും സേനാപതി ലോക്കല്‍ സെക്രട്ടറി എ.കെ. ദാമോദരന്‍ അഞ്ചാം പ്രതിയുമാണ്.
1982 നവംബര്‍ 13-നു യൂത്ത് കോണ്‍ഗ്രസ് സേനാപതി മണ്ഡലം പ്രസിഡന്റായിരുന്ന അഞ്ചേരി ബേബിയെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.