ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തിന്റെ അഭിമാന സ്തംഭം അഞ്ചുവിളക്ക് ഇനി തെളിയും. അഞ്ചു വിളക്കിന്റെ അറ്റുകുറ്റ ജോലികൾ പൂർത്തിയാക്കി പ്രകാശം പരത്തുന്നതിനു നഗരസഭ തീരുമാനമെടുത്തു.
ഇതോടെ ചങ്ങനാശേരിയുടെ മുഖമുദ്രയായ അഞ്ചു വിളക്കിനു ശാപമോക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. അഞ്ചുവിളക്കിന്റെ അറ്റകുറ്റ പണികൾ നടത്താൻ എസ്റ്റിമേറ്റ് തയാറാക്കാൻ മുനിസിപ്പൽ എൻജിനിയർക്ക് നിർദേശം നൽകിക്കഴിഞ്ഞു.
ബോട്ട് ജെട്ടിയുടെ വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അഞ്ചു വിളക്ക് മാർക്കറ്റ് ബൈപാസ് നിർമാണത്തെ തുടർന്ന് 2015ൽ സ്ഥാപിച്ചിരുന്നു. പിന്നീടുണ്ടായ കാറ്റിൽ പഴയ വിളക്കുകൾ താഴെ വീണ് തകർന്നു.
തുടർന്ന് പഴയ സ്തൂപത്തിൽ തന്നെ നഗരസഭ സ്ഥാപിച്ച പുതിയ വിളക്കുകളാണ് ഇപ്പോഴുള്ളത്. ഇപ്പോൾ അതിന്റെ കാലുകൾ ഒടിഞ്ഞ നിലയിലാണ്.
അഞ്ചുവിളക്കിനുതന്നെ മുന്പ് വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നു. പുതിയ അലങ്കാര ദീപങ്ങൾ സ്ഥാപിച്ചപ്പോൾ ഈ കണക്ഷൻ അതിലേക്കു മാറ്റി കൊടുത്തു.
അടുത്തിടെ തൂണുകൾ ചരക്കു വാഹനങ്ങൾ ഇടിച്ച് തകരുകയും വൈദ്യുതി തകരാർ സംഭവിക്കുകയും ചെയ്തു. ഈ തൂണുകളിലൂടെയാണ് അഞ്ചു വിളക്കിലേക്ക് വൈദ്യുതി എത്തുന്നത്.
നഗരസഭ ചെയർപേഴ്സണ് സന്ധ്യാ മനോജിന്റെ നിർദേശ പ്രകാരം വൈസ് ചെയർമാൻ ബെന്നി ജോസഫ്, വാർഡ് കൗണ്സിലർ സന്തോഷ് ആന്റണി, മുനിസിപ്പൽ അസിസ്റ്റന്റ് എൻജിനിയർ ശ്രീലക്ഷ്മി എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധനകൾ നടത്തി.
തിരുവിതാംകൂറിന്റെ ദിവാനായിരുന്ന വേലുത്തന്പി ദളവയാണ് 1905ൽ ചങ്ങനാശേരി ചന്തയുടെ ശതാബ്ദി സ്മാരകമായി ബോട്ടുജെട്ടിയ്ക്കടുത്ത് അഞ്ചുവിളക്ക് സ്ഥാപിച്ചത്.
ചങ്ങനാശേരി ചന്തയിലെ വ്യാപാര കേന്ദ്ര സമുച്ചയമാണ് പണ്ടകശാല. വേലുത്തന്പി ദളവയാൽ സ്ഥാപിക്കപ്പെട്ടതാണെന്നും ചന്തയിൽ ആദ്യവ്യാപാരം ചെയ്തത് ഗജശ്രേഷ്ഠനെയാണെന്നും അഞ്ചുവിളക്ക് സ്ഥാപിച്ചിരിക്കുന്ന ശിലയിൽ ആലേഖനം ചെയ്തിട്ടുണ്ട്.