പുരാവസ്തുഗവേഷകര്‍ ഇറാക്കില്‍ നടത്തിയ കണ്ടെത്തലുകള്‍ ചരിത്രാന്വേഷികളെ മാത്രമല്ല, സാധാരണക്കാരെയും അദ്ഭുതപ്പെടുത്തുകയാണ്.
തെക്കന്‍ ഇറാക്കില്‍ നടത്തിയ ഖനനങ്ങളില്‍ കണ്ടെത്തിയ ‘സത്രം’ പുരാതനമനുഷ്യരുടെ ജീവിതത്തിലേക്കും സംസ്കാരത്തിലേക്കും വെളിച്ചംവീശുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു.
സത്രത്തിന് 5000 വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. സത്രത്തിന്റെ ഭക്ഷണശാലയും ഭക്ഷണം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാന്‍ ഉപയോഗിക്കുന്ന പുരാതന ഫ്രിഡ്ജും ഭക്ഷണാവശിഷ്ടങ്ങളും ബെഞ്ചുകളും അടുക്കളയും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു.
കോണ്‍ ആകൃതിയിലുള്ള പാത്രങ്ങള്‍, മത്സ്യാവശിഷ്ടങ്ങള്‍ അടങ്ങിയ പ്ലേറ്റുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഓപ്പണ്‍ ഡൈനിംഗ് ഏരിയ ആയാണ് ഭക്ഷണശാല ക്രമീകരിച്ചിരിക്കുന്നത്.
അതോടൊപ്പം ഒരു മുറിയും കണ്ടെത്തിയവയിലുണ്ട്. ഭക്ഷണശാലയില്‍ മദ്യവും വിളമ്പിയിരുന്നു. ഭക്ഷണശാല രാജാക്കന്മാരുടെ സേച്ഛാധിപത്യത്തിനു കീഴലായിരുന്നില്ലെന്നും പൊതുഇടമായിരുന്നെന്നും പുരാവസ്തു ശാസ്ത്രജ്ഞനായ ഗുഡ്മാന് അഭിപ്രായപ്പെടുന്നു.
ഇറാക്കിലെ പുരാതന നഗരമായ ലഗാഷിലാണ് ഭക്ഷണശാല കണ്ടെത്തിയത്. യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ സംഗമസ്ഥാനത്തിനു സമീപമായ ഉറുക്ക് നഗരത്തിന്റെ കിഴക്കാണ് ലഗാഷ് സ്ഥിതിചെയ്യുന്നത്.
ലഗാഷില്‍ വ്യത്യസ്തമായ ഖനനരീതിയാണ് നടത്തിയതെന്ന് ഇറ്റാലിയന്‍ സര്‍വകലാശാലയായ പിസയിലെ ഡോ. സാറ പിസിമെന്റി പറഞ്ഞു. താഴ്ചയിലേക്കു കുഴിക്കുന്നതിനു പകരം തിരശ്ചീനമായാണ് ഖനനപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
വെറും19 ഇഞ്ച് താഴ്ചയിലാണ് ഗവേഷകര്‍ ചരിത്രത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തിയത്. ക്രിസ്തുവിനു മുന്‍പ് 2700-ലെ തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ മനുഷ്യരുടെ ജീവിതത്തിലേക്കും അവരുടെ സംസ്കാരത്തിലേക്കും വെളിച്ചംവീശുന്ന കണ്ടെത്തലുകളാണു ഗവേഷകര്‍ നടത്തിയത്.
തെക്കന്‍ മെസൊപ്പൊട്ടേമിയയിലെ ഏറ്റവും വലിതും പഴയതുമായ നഗരങ്ങളിലൊന്നായിരുന്നു ലഗാഷ് എന്നു ഗവേഷകര്‍ പറയുന്നു. ധാരാളം ആളുകള്‍ താമസിച്ചിരുന്നതും തിരക്കേറിയ വ്യാവസായിക കേന്ദ്രവുമായിരുന്നു ലഗാഷ്.
രാഷ്ട്രീയവും സാമ്പത്തികവും മതപരവുമായ പ്രാധാന്യമുള്ളതായിരുന്നു ലഗാഷ്. കൃഷിയിലും കരകൗശല ഉത്പാദനത്തിലും ലഗാഷ് ജനത ഏര്‍പ്പെട്ടിരുന്നു. അല്‍-ഹിബ എന്നാണ് ലഗാഷിന്റെ പുതിയ പേര്.
2019 മുതലാണ് ലഗാഷില്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍, 1930 മുതല്‍ ലഗാഷില്‍ പഠനം നടക്കുന്നുണ്ട്. നാലു വര്‍ഷമായി, ഡ്രോണ്‍ ഇമേജറി, മാഗ് നെറ്റോമെട്രി ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഗവേഷണങ്ങള്‍ നടക്കുന്നത്.
വിവിധ സര്‍വകലാശാലകളുടെയും പുരാവസ്തു ഗവേഷണകേന്ദ്രങ്ങളുടെയും നേതൃത്വത്തിലാണ് ലഗാഷില്‍ പഠനം നടക്കുന്നത്.