വൈപ്പിന്‍: പീഡനം മൂലം ബംഗളൂരിലുള്ള ഭര്‍ത്താവിനെ ഉപേക്ഷിച്ച് കുട്ടിയെയും കൂട്ടി നാട്ടിലെത്തിയ യുവതിയെ ഭര്‍ത്താവ് വീട്ടിലെത്തി മര്‍ദിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ യുവ എന്‍ജിനീയര്‍ക്ക് കോടതി ജാമ്യം നല്കി.
തൃശൂര്‍ ചേറൂര് റോഡില്‍ ചെമ്പുക്കാവ് കുരിക്കോട് വീട്ടില്‍ മോഹനന്റെ മകന് നിര്‍മ്മലിനെയാണ് (37) മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യ ചെറായി കൈരളി റോഡില്‍ താമസിക്കുന്ന കൈതവളപ്പില്‍ ഗീതുവിന്റെ മൊഴി പ്രകാരം ഗാര്‍ഹികപീഡന നിരോധ നിയമപ്രകാരം കേസെടുത്തശേഷമായിരുന്നു അറസ്റ്റ്.
ചെറായില്‍ ഭാര്യയുടെ വസതിയിലെത്തി മര്‍ദിച്ചത് കൂടാതെ ബാംഗ്ലൂരില്‍ ഒരുമിച്ച് താമസിച്ചപ്പോഴും നിര്‍മ്മല്‍ ഗീതുവിനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തി കാലു നക്കിക്കുകയും ചെയ്തിട്ടുണ്ടെന്ന മൊഴിയെ തുടര്‍ന്ന് പോലീസ് ഇനി ബാഗ്ലൂരിലേക്ക് പോകും. അവിടെ അയല്വീട്ടുകാരെകണ്ട് മൊഴി ശേഖരിക്കും.
ബാംഗ്ലൂരിലെ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനായ നിര്‍മ്മല്‍ ശനിയാഴ്ച ഉച്ചയോടെ കുട്ടിയെ കാണണമെന്നാവശ്യപ്പെട്ടാണ് ചെറായി കൈരളി റോഡിലുള്ള ഭാര്യ ഗീതുവിന്റെ വസതിയിലെത്തിയത്.
തുടര്‍ന്നുള്ള തര്ക്കത്തിലാണത്രേ ഭാര്യയേയും ബന്ധുക്കളേയും മർദിച്ചുവെന്ന പരാതി ഉയര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് മുനമ്പം പോലീസ് സ്ഥലത്തെത്തി നിര്‍മ്മലിനെ ആദ്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആറുവര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ബാഗ്ലൂരിലേക്ക് പോയതാണ്. അവിടെ വച്ച് പരപുരുഷബന്ധം ആരോപിച്ചും മറ്റു കാരണങ്ങള്‍ നിരത്തിയും നിരന്തര പീഡനമായിരുന്നവെന്നാണ് യുവതിയുടെ മൊഴി.
കഴിഞ്ഞയാഴ്ച നിര്‍മ്മല്‍ ലഹരി ഉപയോഗിക്കുന്നത് നേരില്‍കണ്ട് ചോദ്യം ചെയ്തപ്പോള്‍ വീണ്ടും പീഡനം അഴിച്ചുവിടുകയും കെട്ടിത്തൂക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതത്രേ.
പരപുരുഷ ബന്ധം വരുത്തി തീര്‍ക്കാന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പരപുരഷന്മാരുടെ പേജുകള്‍ ഭര്‍ത്താവ് തന്നെ ലൈക്ക് ചെയ്തത്രേ.
ഈ സാഹചര്യത്തിലാണ് താന്‍ ബംഗളൂരുവിട്ട് ചെറായിയിലെ സ്വന്തം വീട്ടിലെത്തിയതെന്ന് യുവതി പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു.