കൊടുങ്ങല്ലൂർ: ന്യൂസിലൻഡിൽ കഴിഞ്ഞ വെള്ളിയാഴ്ച മുസ്ലിം പള്ളിയിൽ ആരാധനക്കിടെ വംശീയഭീകരന്റെ വെടിയേറ്റ് മരിച്ച കൊടുങ്ങല്ലൂർ സ്വദേശിനി അൻസിയുടെ കുടുംബങ്ങൾ മന്ത്രിമാരായ എ.സി.മൊയ്തീൻ, കെ.ടി.ജലീൽ എന്നിവർ സന്ദർശിച്ചു. മകളുടെ മൃതദേഹം ഒരു നോക്കുകാണാൻ കണ്ണീരോടെ കാത്തിരിക്കുന്ന അൻസിയുടെ മാതാവ് റസിയ, സഹോദരൻ ആസിഫ് എന്നിവരെ മേത്തല ടികഐസ് പുരത്തുള്ള വാടകവീട്ടിൽ എത്തി സന്ദർശിച്ച മന്ത്രി മൊയ്തീൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ഇവരോട് കുടുംബപശ്ചാത്തലം ചോദിച്ചറിയുകയും ചെയ്തു.
വിദ്യാഭ്യാസത്തിനായി ബാങ്കിൽനിന്നെടുത്ത ലക്ഷങ്ങളുടെ കടബാധ്യതയെകുറിച്ചും ആസിഫിന്റെ വിദ്യാഭ്യാസ യോഗ്യതയെകുറിച്ചും ചോദിച്ചറിഞ്ഞ മന്ത്രി ഇതിന് പരിഹാരം കാണുന്നതിന് സർക്കാരിന്റെ മുന്പിൽ വിവരം അവതരിപ്പിക്കാമെന്ന് ഉറപ്പുനൽകി. തുടർന്ന് ന്യൂസിലൻഡിൽ ഭാര്യയുടെ വിയോഗത്തിൽ മനംനൊന്തുകഴിയുന്ന ഭർത്താവ് അബ്ദുൾ നാസറിന്റെ വീട്ടിലെത്തി. അബ്ദുൾനാസറിന്റെ പിതാവ് പൊന്നാത്ത് ഹംസ, ഉമ്മ സീനത്ത് എന്നിവരെയും മന്ത്രി ആശ്വസിപ്പിച്ചു.
ഉച്ചയോടെയാണ് മന്ത്രി കെ.ടി.ജലീൽ ഇരുവീടുകളിലും എത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി സർക്കാർ തലത്തിൽ ലഭിക്കാവുന്ന എല്ലാ സഹായങ്ങളും ലഭിക്കാൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്കി. കഴിഞ്ഞ ഒരു വർഷം മുന്പാണ് ബി.ടെക് പാസായ അൻസി ഭർത്താവ് അബ്ദുൾനാസറിനൊപ്പം ഉപരിപഠനത്തിനായി ന്യൂസിലൻഡിലേക്ക് പോയത്. എം.ടെക് പരീക്ഷ കഴിഞ്ഞ് ഏപ്രിൽ മാസത്തിൽ റിസൽറ്റ് കാത്തിരിക്കുന്പോഴാണ് ഭീകരരുടെ വെടിയുണ്ടയിൽ ഇവരുടെ ജീവിതസ്വപ്നങ്ങൾ തകർന്നടിഞ്ഞത്.
വിദ്യാഭ്യാസത്തിനായി നാട്ടിൽ കുടുംബാംഗങ്ങൾ എടുത്ത ലക്ഷങ്ങളുടെ ബാധ്യത ഇരു കുടുംബങ്ങൾക്കും താങ്ങാനാവാത്തതാണ്. മന്ത്രിമാരോടൊപ്പം കയ്പമംഗലം എംഎൽഎ ഇ.ടി.ടൈസൻ മാസ്റ്റർ, കൊടുങ്ങല്ലൂർ എംഎൽഎ അഡ്വ. വി.ആർ.സുനിൽകുമാർ, കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ.ആർ.ജൈത്രൻ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹൻ, സിപിഎം കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി ടി.കെ.ചന്ദ്രശേഖരൻ, സിപിഐ മാള ഏരിയ സെക്രട്ടറി എൻ.രാജേഷ്, സിപിഐ നേതാവ് കെ.ജി.ശിവാനന്ദൻ എന്നിവരും ഉണ്ടായിരുന്നു.
ു