തുറവൂർ: തർക്കങ്ങൾക്കിടെ അന്ധകാരനഴി പൊഴിമുഖം അടഞ്ഞു. കടൽകയറ്റത്തിൽ മണ്ണടിഞ്ഞാണ് പൊഴിമുഖം അടഞ്ഞത്. കഴിഞ്ഞ കുറച്ചു നാളുകളായി അന്ധകാരനഴി അഴിമുഖം കേന്ദ്രീകരിച്ച് വൻ തർക്കങ്ങളും പ്രശ്നങ്ങളും നിലനിന്നിരുന്നു.
പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് കൃഷിയെ ബാധിക്കുന്നുവെന്ന കർഷകരുടെ പരാതിയിൽ അന്ധകാരനഴിയിലെ വടക്കും തെക്കുംഭാഗങ്ങളിലെ ഷട്ടറുകൾ മാസങ്ങൾക്ക് മുന്പ് അടയ്ക്കാൻ ജില്ലാ ഭരണകൂടം തീരുമാനിക്കുകയും പോലീസിന്റെ സംരക്ഷണത്തിൽ തെക്കെ ഷട്ടറുകൾ അടക്കുകയും ചെയ്തു.
എന്നാൽ, ഷട്ടറുകൾ അടച്ചാൽ പൊഴിമുഖവും അടയുമെന്നും അത് മത്സ്യ ബന്ധന വള്ളങ്ങൾ കടലിൽ ഇറക്കാനും കയറ്റാനും തടസമാകുമെന്നും ചൂണ്ടിക്കാട്ടി നൂറു കണക്കിന് മത്സ്യത്തൊഴിലാളികൾ സംഘടിക്കുകയും അടച്ച ഷട്ടറുകൾ മണിക്കൂറുകൾക്കകം തുറപ്പിക്കുകയും ചെയ്തു.
വിഷയത്തിൽ ജില്ലാ ഭരണകൂടം നിരവധി തവണ ചർച്ചകൾ നടത്തിയിട്ടും തീരുമാനമായില്ല. ഈ സാഹചര്യത്തിലാണു തിരമാലയിൽ അടിഞ്ഞ മണൽ കൊണ്ടു തന്നെ പൊഴിമുഖം അടഞ്ഞിരിക്കുന്നത്. വള്ളങ്ങൾ സുരക്ഷിതമായി കിഴക്കോട്ട് കയറ്റി ഇടാൻ സാധിക്കാത്തതുമൂലം മത്സ്യബന്ധനത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
എന്നാൽ കൃഷിക്ക് ഇത് സഹായകരമാണ്.പൊഴിമുഖം അടഞ്ഞെങ്കിലും ഷട്ടറുകൾ തുറന്നുതന്നെ കിടക്കുകയാണ്. കാലവർഷം ശക്തമാകുന്പോൾ പ്രദേശത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ഇല്ലാതാക്കാൻ മുൻ വർഷങ്ങളിലേതു പോലെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊഴിമുഖത്തെ മണ്ണ് നീക്കം ചെയ്യേണ്ടി വരും.
പൊഴിമുഖത്തടിഞ്ഞിരിക്കുന്ന മണൽ വള്ളങ്ങളിൽ എടുക്കാൻ മണൽവാരൽ തൊഴിലാളികളെ അനുവദിക്കണമെന്നും അവശ്യമുയരുന്നു.