കോവിഡ് 19 കാലത്ത് സ്കൂളുകൾ അടഞ്ഞതോടു കൂടി വിദ്യാർഥികൾ ഓൺലൈൻ പഠനത്തിലാണ്. എന്നാൽ സാന്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന പല കുടുംബങ്ങളിലും ടെലിവിഷനോ ലാപ്ടോപ്പോ ഇല്ല. ഗവൺമെന്റും സന്നദ്ധ സംഘടനകളും ഇത്തരം കുട്ടികൾക്ക് ടിവിയും മറ്റും നൽകുന്നുണ്ട്.
തെന്നിന്ത്യൻ നടിയും ഗായികയുമായ ആൻഡ്രിയ ജെർമിയയും കുട്ടികൾക്ക് സഹായവുമായി എത്തിയിരിക്കുകയാണ്. മൂന്ന് വിദ്യാർഥികൾക്കാണ് നടി ലാപ്ടോപ്പ് നൽകിയത്.
മൂന്നു കുട്ടികളെ സഹായിച്ചത് അവർക്ക് വിദ്യാഭ്യാസത്തിനുള്ള സഹായം ഒരുക്കാൻ വേണ്ടി മാത്രമല്ല. മറ്റുള്ളവരും ഈ മാതൃക പിന്തുടരാനാണ്. കൂടുതൽ പേർ സഹായവുമായെത്തട്ടെ.
എന്റെ ഇൻസ്റ്റഗ്രാം പേജിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനു പകരം എല്ലാവരും സംഭവനകൾ ചെയ്യുക- ആൻഡ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2005ൽ പുറത്തിറങ്ങിയ കണ്ട നാൾ മുതൽ എന്ന തമിഴ് ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയിലെത്തിയ ആൻഡ്രിയ പിന്നീട് തമിഴ് കൂടാതെ മലയാളം, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അന്നയും റസൂലും, ലണ്ടൻ ബ്രിഡ്ജ്, ലോഹം, തോപ്പിൽ ജോപ്പൻ എന്നിവയാണ് ആൻഡ്രിയ അഭിനയിച്ച മലയാള ചിത്രങ്ങൾ