റാന്നി: രണ്ടു വധശ്രമ കേസടക്കം നിരവധി ക്രിമിനല്‍ കേസിലെ പ്രതിയെയും സുഹൃത്തുക്കളേയും റാന്നി പൊലീസ് പിടികൂടി.റാന്നി പഴവങ്ങാടി മുക്കാലുമണ്‍ തുണ്ടിയില്‍ വിജയന്റെ മകന് വിശാഖ് (27) ആണ് പിടിയിലായത്.
ഇയാള്‍ക്കൊപ്പം മുക്കാലുമണ്‍ സ്വദേശികളായ മോടിയില്‍ രാജന്റെ മകന് അജു എം.രാജന്, ആറ്റുകുഴിതടത്തില്‍ ബിജുവിന്റെ മകന് അരുണ്‍ ബിജു എന്നിവരാണ് പിടിയിലായത്.
പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, നിരപരാധികളായ നാട്ടുകാരെ വഴി തടഞ്ഞു നിർത്തി ആക്രമിക്കല്‍, മയക്കു മരുന്നു കടത്തല്‍ തുടങ്ങിയ കേസിലും പ്രതിയാണ് വിശാഖ്.
തമിഴ്നാട്ടിലെ എരുമപെട്ടിയില്‍ ഒളിവില്‍ കഴിയവെ പത്തനംതിട്ട ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദ്ദേശ പ്രകാരം തമിഴ്നാട് ക്യൂബ്രാഞ്ച് പൊലീസ് സംഘത്തിന്റെ സഹായത്താലാണ് അറസ്റ്റ്.
കമ്മീഷൻ, മോഹന വാഗ്ദാനങ്ങൾ
മുക്കാലുമണ്‍ സ്വദേശി രാജേഷിനെ ഇക്കഴിഞ്ഞ മാസം തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഒളിവിലായിരുന്നു ഇയാള്‍.
വിശാഖ് അന്യസംസ്ഥാനങ്ങളിലെ പ്രഫഷണൽ കോളേജുകളിൽ കുട്ടികളെ എത്തിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു.
ഇയാള്‍ അഡ്മിഷൻ നടത്തി കൊടുക്കുന്ന ഭൂരിഭാഗം ആൾക്കാർക്കും കോഴ്സ് പൂർത്തിയാക്കാൻ സാധിക്കാതെ തിരികെ വന്നിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
വൻതുക കമ്മീഷൻ വാങ്ങിയും മോഹന വാഗ്ദാനങ്ങൾ നൽകിയുമാണ് കുട്ടികള്‍ക്ക് അഡ്മിഷന് നല്‍കുന്നത്. പിന്നീട് പറയുന്ന സൗകര്യങ്ങൾ ഇല്ലാത്തതു മൂലം കുട്ടികൾ പഠനം പൂർത്തിയാക്കാതെ മടങ്ങി പോവുകയാണ്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ധാരാളം പരാതികൾ ഇയാള്‍ക്കെതിരെ റാന്നി പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അന്യസംസ്ഥാനത്ത് പരാതി പറയുന്ന ആൾക്കാരെ ഇയാള്‍ ക്രൂരമർദ്ദനത്തിന് ഇരയാക്കുകയും ചെയ്യാറുണ്ട്.
ഇയാള്‍ അഡ്മിഷന് എടുത്തു നല്കുന്ന കുട്ടികള്‍ക്ക് യഥേഷ്ടം മദ്യവും മയക്കുമരുന്നുകളും എത്തിക്കാറുണ്ടെന്നും പറയപ്പെടുന്നു.
ഇത്തരം ബന്ധത്തില്‍ വീഴുകയും കോഴ്സ് പൂർത്തിയാക്കാതെയും പോകുന്ന കുട്ടികൾ പിന്നീട് വിശാഖിന്റെ സംഘത്തിൽ എത്തുകയാണ് പതിവ്.
വാഹനം രൂപംമാറ്റി
അന്യസംസ്ഥാന പ്രെഫഷണൽ കോളേജ് മാനേജുമെന്റിന്റെ സഹായത്താൽ ബാംഗ്ലൂര്‍, സേലം, കോയമ്പത്തൂർ നാമക്കൽ എന്നീ സ്ഥലങ്ങളിലാണ് സംഘം ഒളിവിൽ കഴിഞ്ഞു വന്നത്.
വിശാഖ് ഉപയോഗിക്കുന്ന വാഹനം രൂപം മാറ്റി ഉപയോഗിച്ചതിന് ആര്.ടി.ഓയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
റാന്നി ഡിവൈഎസ്പി മാത്യു ജോർജ്ജ്, ഇന്‍സ്പെക്ടര്‍ എം.ആര് സുരേഷ്,എസ്.ഐ അനീഷ്, സി.പി.ഒമാരായ ലിജു, ബിജു മാത്യു, വിനീത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.