പേരൂർക്കട: തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പ്രതി മണ്ണന്തല പോലീസ് പിടിയിലായി. മണ്ണന്തല മുക്കോലയ്ക്കൽ ശ്രിദ്ധി സൗപർണിക അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പി.എസ്. സുരേഷ്കുമാർ (55) ആണ് പിടിയിലായത്.
മണ്ണന്തല സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒരു വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
താൻ ആർമിയിൽ നിന്ന് വിരമിച്ച ആളാണെന്നു ജനങ്ങളെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയും ഇവർ ധരിച്ചിരിക്കുന്ന ആഭരണങ്ങളും രത്നങ്ങൾ പതിച്ച മോതിരങ്ങളും മറ്റും വീടിനും വീട്ടുകാർക്കും ദോഷം ചെയ്യുമെന്നും പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിവന്നത്.
ഇപ്രകാരം പലരിൽ നിന്നായി രത്നങ്ങൾ പതിപ്പിച്ച മോതിരങ്ങളും സ്വർണാഭരണങ്ങളും ഇതുകൂടാതെ പണവും പ്രതി കൈക്കലാക്കുകയായിരുന്നു.
ജനങ്ങളുടെ അന്ധവിശ്വാസത്തെയാണ് പ്രതി ചൂഷണം ചെയ്തു വന്നിരുന്നത്. തട്ടിപ്പിന് ശാസ്ത്രജ്ഞർ വരെ ഇരയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പോലീസിൽ പരാതിയുമായി എത്തിയ യുവതിയെ പ്രതി പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത് ഇവരുടെ കുട്ടിക്ക് തീപിടിത്തത്തിൽ അപകടം ഉണ്ടാകുമെന്നും ഭർത്താവിന് വാഹനാപകടം സംഭവിക്കുമെന്നുമാണ്.
പുതിയ ആഭരണങ്ങൾ ലഭിക്കാതായതോടെയാണ് തട്ടിപ്പ് പലർക്കും ബോധ്യമായത്. പ്രതി പലരിൽ നിന്നായി തട്ടിയെടുത്ത ആഭരണങ്ങളും പണവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സിഐ ജി.പി സജു കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ഗോപിചന്ദ്രൻ, എഎസ്ഐ മനോജ്, എസ്സിപി ശ്രീജിത്ത്, സിബി, സി.പി. പ്രിയ എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.