സ്കൂളിലെ പാചകപ്പുരയിൽനിന്നു കണ്ടെത്തിയത് ഉഗ്രവിഷമുള്ള 60 അണലികളെ. മഹാരാഷ്ട്രയിലെ ഹിൻഗോലി ജില്ലയിലെ സില്ല പരിഷാദ് സ്കൂളിലാണ് പാന്പുകളെ കണ്ടെത്തിയത്. കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതിനായി വിറകുപുരയിൽനിന്ന് വിറകെടുത്തപ്പോൾ രണ്ടു പാന്പുകളെ ആദ്യം കണ്ടെത്തുകയായിരുന്നു.
ഇതേത്തുടർന്ന് പാചകം ചെയ്യുന്ന സ്ത്രീ കൂടുതൽ വിറക് നീക്കിയപ്പോൾ 58 പാന്പുകളെക്കൂടി കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് പാചകാവശ്യങ്ങൾക്കായുള്ള വിറക് ഇവിടെയെത്തിച്ചത്. ഇത്രയധികം പാന്പുകളെ പാചകപ്പുരയിൽ കണ്ടെത്തിയ വാർത്ത സ്കൂളിൽ പരന്നതോടെ വിദ്യാർഥികളും അധ്യാപകരും ഭയപ്പെട്ടു.
പ്രദേശവാസികൾ വടിയും കല്ലുമൊക്കെയായി സ്കൂളിൽ ഓടിയെത്തി. എന്നാൽ, സ്കൂൾ അധികൃതർ പാന്പിനെ കൊല്ലുന്നതിൽനിന്ന് ഗ്രാമവാസികളെ വിലക്കി. പാന്പുപിടിത്തക്കാരനായ വിക്കി ദലാലിനെ വിളിച്ചുവരുത്തിയാണ് അവിടെനിന്ന് അവയെ നീക്കം ചെയ്തത്. പിടികൂടിയ പാന്പുകളെ പിന്നീട് വനംവകുപ്പിനു കൈമാറി.