അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയെ ആക്രമിച്ച സംഭവത്തിൽ വിവരം നൽകുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ആക്രമണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് എൻടിആർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കാഞ്ചി ശ്രീനിവാസ റാവു, ടാസ്ക് ഫോഴ്സ് അഡീഷണൽ ഡിസിപി ആർ ശ്രീഹരിബാബു എന്നിവരുമായി ബന്ധപ്പെടാമെന്നു പോലീസ് അറിയിച്ചു.
വിവരം നൽകുന്നവരെ വിലാസം വെളിപ്പെടുത്തുന്നതല്ലെന്നും പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ശനിയാഴ്ച വിജയവാഡയിൽ റോഡ് ഷോയ്ക്കിടെയാണ് റെഡ്ഡിക്ക് പരിക്കേറ്റത്.
കല്ലേറിൽ അദ്ദേഹത്തിന്റെ ഇടതു കണ്ണിനു മുകളിൽ കല്ലേറുകൊണ്ട് മുറിവേറ്റു. മുഖ്യമന്ത്രിക്കൊപ്പം പ്രചാരണത്തിനെത്തിയ യുവജന ശ്രമിക റൈത്ത് കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) എംഎൽഎ വെള്ളമ്പള്ളി ശ്രീനിവാസ റാവുവിനും പരിക്കേറ്റിരുന്നു. പരിക്കേറ്റ ജഗൻ മോഹൻ റെഡ്ഡി പ്രഥമശുശ്രൂഷയ്ക്കുശേഷം റോഡ് ഷോ തുടർന്നു.