ന്യൂഡൽഹി: പഞ്ചനക്ഷത്ര ഹോട്ടലിൽ പണം നൽകാതെ പതിനഞ്ചു ദിവസത്തോളം താമസിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ജാൻസി റാണി സാമുവൽ(37) ആണ് അറസ്റ്റിലായത്.
ഡിസംബർ 30നാണ് ഡൽഹി വിമാനത്താവളത്തിനു സമീപമുള്ള എയ്റോസിറ്റിയിലെ പുൾമാൻ ഹോട്ടലിൽ യുവതി മുറിയെടുത്തത്. കൃത്രിമ യുപിഐ ഇടപാടിലൂടെ കബളിപ്പിച്ചാണ് ഇവർ ഹോട്ടലിൽ തങ്ങിയത്.
തട്ടിപ്പു പുറത്തായതോടെ രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഹോട്ടൽ ജീവനക്കാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മുറിവാടക, ഭക്ഷണം ഉൾപ്പെടെ അഞ്ചുലക്ഷത്തിലേറെ രൂപയാണ് ഇവർ ഹോട്ടലിനു നൽകാനുള്ളത്.