കടുത്തുരുത്തി: നിര്‍ത്തിയ ബസില്‍ നിന്നു വിദ്യാര്‍ഥികള്‍ ഇറങ്ങുന്നതിനിടെ ഇവിടെ സ്റ്റോപ്പില്ലെന്ന് പറഞ്ഞു കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് മുന്നോട്ടെടുത്ത ബസില്‍ നിന്നു റോഡിലേക്കു തെറിച്ചു വീണ വിദ്യാര്‍ഥിനിക്കു പരിക്കേറ്റ സംഭവത്തില്‍ പരാതിക്കാരുമായി ഇന്ന് പോലീസ് സംസാരിക്കും.
പരാതിക്കാരോട് രാവിലെ സ്റ്റേഷനിലെത്താന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് ജീവനക്കാര്‍ക്കെതിരെ സ്കൂള്‍ അധികൃതരും പരാതി നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ഥിനിയുടെ മൊഴിയെടുത്ത് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തുവെന്നും തുടര്‍ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ കണ്ടക്ടറെയും പ്രതി ചേര്‍ക്കുമെന്ന് എസ്ഐ വിബിന് ചന്ദ്രന് അറിയിച്ചു.
അധ്യാപികയുടെ ഇടപെടൽ
ബസിലുണ്ടായിരുന്ന ഇതേ സ്കൂളിലെ അധ്യാപികയുടെ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.
റോഡിലേക്കു വീണ വിദ്യാര്‍ഥിനിക്കൊപ്പം മറ്റു കുട്ടികള്‍ കൂടി ഇറങ്ങാനായി ഡോറില്‍ നില്‍ക്കുമ്പോഴാണ് കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിക്കുന്നത്.
ഇതോടെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തു. ഈ സമയത്താണ് ഡോറില്‍ മുന്നിലുണ്ടായിരുന്ന വിദ്യാര്‍ഥിനി പുറത്തേക്കു തെറിച്ചു വീഴുന്നത്.
സംഭവം കണ്ട അധ്യാപിക സിംഗിള്‍ ബെല്ലടിച്ചു ബസ് നിര്‍ത്തിച്ചതിനാലാണ് വന്‍ അപകടം ഒഴിവായത്. അല്പം കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കില്‍ കുട്ടിയുടെമേല്‍ ബസ് കയറുമായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
ഡ്രൈവർക്കെതിരേ കേസ്
വിവരമറിഞ്ഞതിനെ തുടര്‍ന്ന് സംഭവത്തില്‍ ഇടപെട്ട പോലീസ് മണിക്കുറുകള്‍ക്കുള്ളില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു, പ്രതിയെ അറസ്റ്റ് ചെയ്തു.
ബസ് പോലീസ് പിടിച്ചെടുത്തു. കടുത്തുരുത്തി ഐറ്റിസി ജംഗ്ഷനില്‍ ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം.
കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി കല്ലറ തെക്കേപ്ലാച്ചേരില് ആല്‍ബീന ലിസ് ജെയിംസ് (17) നാണ് ബസില്‍ നിന്നു വീണു പരിക്കേറ്റത്.
ബസ് ഡ്രൈവര്‍ കല്ലറ നികര്‍ത്തില്‍ സുമഷ് ശിവന് (38) നെതിരെയാണ് പോലീസ് കേസെടുത്തത്.
കല്ലറ വഴി കോട്ടയത്തു നിന്നു വൈക്കത്തേക്കു സര്‍വീസ് നടത്തുന്ന ആന്‍ഡ്രൂ ബസില്‍ നിന്നാണ് വിദ്യാര്‍ഥിനി താഴെ വീണത്. ഐറ്റിസി ജംഗ്ഷനില്‍ ഓര്‍ഡിനിറി ബസുകള്‍ക്ക് സ്ഥിരം സ്റ്റോപ്പുള്ളതാണ്.
കണ്ടക്ടര്‍ ബെല്ലടിക്കാന്‍ തയാറാകാത്തതിനാല്‍ പലപ്പോഴും ഇവിടുത്തെ സ്റ്റോപ്പിലെത്തുമ്പോള്‍ യാത്രക്കാരായ അധ്യാപകര്‍ ബെല്ലടിച്ചാണ് ബസ് നിര്ത്തിക്കാറ്.
ഇന്നലെയും ഇവിടെയെത്തിയപ്പോള്‍ സ്കൂളിലെ അധ്യാപിക തന്നെ ബെല്ലടിച്ചു ബസ് നിര്‍ത്തിയിരുന്നു.
തുടര്‍ന്ന് മറ്റു യാത്രക്കാരും ബസ് ജീവനക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ബസിന്റെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു.
സംഭവത്തെ തുടര്‍ന്ന് ബസിന്റെ ട്രിപ്പ് മുടങ്ങിയതോടെ മറ്റു യാത്രക്കാര്‍ ഇവിടെയിറങ്ങി കടുത്തുരുത്തി ടൗണിലെത്തി യാത്ര തുടരുകയായിരുന്നു.
അധ്യാപകരുടെ നേതൃത്വത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനിയെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലെത്തിച്ചു പ്രാഥമിക ശുശ്രൂഷകള്‍ നല്കിയ ശേഷം വിട്ടയച്ചു.
റോഡിലേക്കുള്ള വീഴ്ചയില്‍ വിദ്യാര്‍ഥിനിയുടെ കൈ, കാലുകള്‍ക്കു ക്ഷതമേല്‍ക്കുകയും സാരമായ പോറലേല്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളും പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
വീഴ്ചയുണ്ടായെന്ന് കണ്ടാല്‍ ശക്തമായ നടപടി
സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. സ്കൂള്‍ അധികൃതരും നാട്ടുകാരും രക്ഷിതാക്കളുമെല്ലാം പോലീസിനോടും ഇക്കാര്യം ആവശ്യപെട്ടിട്ടുണ്ട്.
ഐറ്റിസി ജംഗ്ഷനില്‍ ഓര്‍ഡിനറി ബസുകള്‍ക്കു സ്റ്റോപ്പുണ്ടെന്നും ഇവിടെ കൃത്യമായി ബസുകള്‍ നിര്‍ത്താന്‍ നടപടിയുണ്ടാക്കി നല്‍കണമെന്നുമാണ് അധികാരികളോടുള്ള തങ്ങളുടെ അഭ്യര്‍ഥനയെന്ന് സെന്റ് മൈക്കിള്‍സ് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
ഇതേസമയം സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ബസ് ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് വൈക്കം ജോയിന്റ് ആര്‍റ്റിഒ ഇന്‍ചാര്‍ജ് പി.ജി. കിഷോര്‍ പറഞ്ഞു.