നെല്ലിക്കുന്ന്: പ്ലസ് ടു പഠനത്തിനിടയിൽ സിനിമയിലും ആൽബങ്ങളിലുമായി നൂറു ഗാനങ്ങൾ പാടി സംഗീതലോകത്തു സാന്നിധ്യമറിയിച്ചിരിക്കുകയാണ് നെല്ലിക്കുന്ന് തട്ടിൽ സാബു പോളിന്റെയും ഷീജയുടെയും മകൾ ആൽഡ്രിയ.
പ്രവാസികളുടെ ജീവിത സാഹചര്യങ്ങളും കഷ്ടപ്പാടുകളും ചിത്രീകരിക്കുന്ന ആൽബത്തിൽ പാടിയ ഗാനമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സിസ്റ്റർ ജയയുടെ രചനയിൽ “പ്രിയനെ യേശു പരനെ’ എന്ന ക്രിസ്തീയ ഭക്തിഗാനവും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
മഴയൊരുക്കം എന്ന കവിതയ്ക്കു ദിനേശ് തൃപ്രയാർ സംഗീതം നൽകി ആൽഡ്രിയ ആലപിച്ച കവിതകളും ശ്രദ്ധിക്കപ്പെട്ടു.
നെല്ലിക്കുന്നിലെ പള്ളി ഗായകസംഘത്തിലെ ഗായികകൂടിയായ ആൽഡ്രിയ തൃശൂർ ചേതന സംഗീതനാട്യ അക്കാദമിയിലെ റവ.ഡോ. പോൾ പൂവ്വത്തിങ്കലിന്റെ ശിക്ഷണത്തിലാണ് സംഗീതപഠനം ആരംഭിച്ചത്.
ഇപ്പോൾ ജയചന്ദ്രൻ വലപ്പാടും ദിനേശ് തൃപ്രയാറും സംഗീതം പഠിപ്പിക്കുന്നു. ഏഴാംക്ലാസിൽ പഠിക്കുന്പോൾതന്നെ ഗാനഗന്ധർവൻ യേശുദാസിനോടൊപ്പം സംഗീതക്കച്ചേരിയിൽ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്.
2013ൽ സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ കലാതിലകമായിരുന്നു.
കെസിഎസ്എൽ, ടൂറോഫെസ്റ്റ്, ഹാർമണി ഫെസ്റ്റ്, സംഘം കലാഗ്രൂപ്പിന്റെ സംഗീതമത്സരം എന്നിവയിൽ ഒന്നാംസ്ഥാനം നേടിയ ഈ പാട്ടുകാരി മികച്ച നർത്തകിയും പ്രസംഗകയുമാണ്. തൃശൂർ ദേവമാതാ സ്കൂളിലാണ് പഠിക്കുന്നത്.