എക്ലയർ, ദോനട്ട്, കപ്കേക്ക്, ഐസ്ക്രീം സാൻഡ്വിച്ച്, ജെല്ലി ബീൻ, ഹണികോംബ്, ജിഞ്ചർബ്രഡ്, ലോലിപോപ്പ്, മാഷ്മലോ, കിറ്റ്കാറ്റ്, നൂഗാ, ഓറിയോ, പൈ… മധുരപലഹാരങ്ങളല്ല, ആൻഡ്രോയ്ഡ് സ്മാർട്ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പേരുകളാണ് ഇവ. ഈ പേരിടൽ രീതി ഗൂഗിൾ അവസാനിപ്പിക്കുകയാണ്. ഇനി ആൻഡ്രോയ്ഡ് 10 എന്നു മാത്രമേ ഓഎസിനെ വിളിക്കൂ.
ആൻഡ്രോയ്ഡ് 11, ആൻഡ്രോയ്ഡ് 12 എന്നിങ്ങനെ അക്കങ്ങൾ കൂട്ടിച്ചേർത്ത് ഇനിയുള്ള ആൻഡ്രോയ്ഡ് പതിപ്പുകൾക്ക് പേരിടുമെന്നാണ് ഒൗദ്യോഗിക അറിയിച്ച്. ആപ്പിളിന്റെ ഐഒഎസ് മാതൃകയിലാണിത്. ആൻഡ്രോയ്ഡിന് നൽകിയിരുന്ന മധുരപലഹാരങ്ങളുടെ പേരുകൾ ആഗോള വിപണിയിൽ എല്ലാവർക്കും മനസിലാകുന്നില്ല എന്നതാണു മാറ്റത്തിനു കാരണമായി പറയുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽപേർ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം എന്നതിനാൽ ഇതിന്റെ പേര് എല്ലാവർക്കും മനസിലാകണമെന്ന് ആൻഡ്രോയ്ഡ് ഒൗദ്യോഗികമായി ട്വീറ്റ് ചെയ്തു.
അതേസമയം, ആൻഡ്രോയ്ഡിന്റെ പുതിയ പതിപ്പിനു പരന്പരഗത രീതിയിൽ പേരിടണമെങ്കിൽ ക്യൂ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പലഹാരത്തിന്റെ പേരു വേണം. ഇത്തരത്തിൽ പരിചിതമായ ഒരു പേരു ലഭിക്കാത്തതാണ് ഗൂഗിൾ പേരിടൽ രീതിയിൽ മാറ്റം വരുത്തിയതെന്നും റിപ്പോർട്ടുണ്ട്. പേരു മാറ്റുന്നതിനൊപ്പം ലോഗോയിയിലും അൽപ്പസ്വൽപം മാറ്റത്തിനു ഗൂഗിൽ തയാറായിട്ടുണ്ട്.