ഇരിങ്ങാലക്കുട: തെളിവുകളുടെ ഒരംശം പോലും അവശേഷിപ്പിക്കാതെ പോലീസിനേയും അന്വേഷണ ഉദ്യോഗസ്ഥരേയും കുഴക്കിയ ഇരിങ്ങാലക്കുട ആനീസ് കൊലപാതകത്തിന്റെ അന്വേഷണം ലോക്ഡൗണ്‍ ദിനങ്ങളിലും ഉൗർജിതം.
ക്രൈബ്രാഞ്ച് ഡിവൈഎസ്പി സുനിൽകുമാറിനാണ് അന്വേഷണ ചുമതല. ആറംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ കൊലപാതകം നടന്ന വീടിന്റെ പരിസരങ്ങളിലും മാർക്കറ്റിനു സമീപത്തെ വീടുകളിലും അന്വേഷണ സംഘം എത്തിയിരുന്നു. ഈ വീടുകളിലെ കുടുംബാംഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ സംഘം ശേഖരിച്ചു.
കഴിഞ്ഞ ജനുവരിയിൽ ആനീസിന്റെ വീടിനു സമീപമുള്ള വീട്ടുപറന്പിൽനിന്നു കണ്ടെത്തിയ കട്ടറിൽ പറ്റിപ്പിടിച്ചിരിക്കുന്നത് തുരുന്പാണെന്നാണു രാസപരിശോധനാ ഫലം.
എന്നിരുന്നാലും കട്ടറുമായി ബന്ധപ്പെടുത്തി അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. കൊല്ലപ്പെട്ട ആനീസിന്റെ വളകൾ മുറിക്കാൻ ഉപയോഗിച്ചതായിരിക്കാം ഇതെന്നാണ് ആദ്യം സംശയിച്ചിരുന്നത്.
കൊലപാതകം നടന്ന വീട്ടുപറന്പിൽനിന്നു ലഭിച്ച കത്തിയുടെ പരിശോധനാഫലം വരാനുണ്ട്.
2019 നവംബർ 14 നാണ് ഇരിങ്ങാലക്കുട ഈസ്റ്റ് കോന്പാറയിൽ അറവുശാലയ്ക്ക് സമീപം പരേതനായ കൂനൻ പോൾസന്റെ ഭാര്യ ആനീസിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ലോക്കൽ പോലീസ് മുൻ ഡിവൈഎസ്പി ഫെയ്മസ് വർഗീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിരുന്നെങ്കിലും തുന്പ് ലഭിച്ചിരുന്നില്ല.
പിന്നീടാണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയത്. മോഷണത്തിനു വേണ്ടിയാണ് ആനീസിനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിൽ ഉറച്ചുനിൽക്കാൻ അന്വേഷണ സംഘത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല.