ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: മിനിറ്റുകൾക്കുള്ളിൽ സോഫാസെറ്റും കട്ടിലും കസേരകളുമെല്ലാം നിർമിച്ച് വീട്ടുകാരേയും കൂട്ടുകാരികളെയുമെല്ലാം വിസ്മയപ്പെടുത്തുകയാണ് പത്താം ക്ലാസുകാരി അനീന. പേപ്പർ, വിവിധ നിറങ്ങളിലുള്ള പഴയ കല്യാണക്കുറികൾ, ഫെവികോൾ, മാലയിലെ മുത്തുകൾ എന്നിവ മതി അനീനക്ക് മനോഹരമായ സോഫാസെറ്റും കട്ടിലും മറ്റും നിർമിക്കാൻ.
വെള്ളപേപ്പർകൊണ്ട് സോഫാ സെറ്റുണ്ടാക്കി നിറങ്ങളുള്ള കല്യാണകുറികൊണ്ട് കുഷ്യനും ഉണ്ടാക്കും. ബെഡ് ഷീറ്റിനും ഡിസൈനുകളുള്ള കല്യാണക്കുറികൾ പ്രയോജനപ്പെടുത്തും. കൈവിരുതിന്റെ കലാമേന്മ കണ്ടാൽ ആരും നോക്കിനിന്നു പോകും.
അത്രയേറെ പെർഫെക്ഷനിലാണ് പേപ്പർ കൊണ്ടുള്ള അനീനയുടെ നിർമാണരീതികൾ. തുടക്കത്തിൽ മകളുടെ കുസൃതിത്തരങ്ങൾ കണ്ട് അമ്മ ബിന്ദുവിന് വലിയ ഇഷ്ടമൊന്നും തോന്നിയില്ല. പിന്നെ വർക്കുകളിൽ കലാമേന്മ കൂടിയതോടെ അമ്മയും പിന്തുണ പ്രഖ്യാപിച്ചു.
വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂളിൽനിന്നും (ഐസിഎസ്ഇ) പത്താംക്ലാസ് കഴിഞ്ഞ അനീനയും കൂട്ടുകാരികളായ മെൽവീന ജോബി, എയ്ഞ്ചൽ ഫ്രാൻസിസ്, സ്നേഹ എന്നിവർ ചേർന്ന് നടത്തുന്ന ഡെയ്ലി ടാസ്ക് മത്സരത്തിലൂടെയാണ് അനീനയുടെ കലാവൈഭവങ്ങൾക്ക് കൂടുതൽ ഉണർവായത്.
വെറുതെ കുത്തിവരച്ച് അതിൽ കലാരൂപം കണ്ടെത്തുന്ന മൂഡിലായിരുന്നു ആദ്യദിനത്തിലെ ടാസ്ക്. രണ്ടാം ദിനത്തിൽ കോവിഡിനെതിരെയുള്ള ആകർഷണീയമായ പോസ്റ്ററുകൾ നിറഞ്ഞുനിന്നു.
പേപ്പർ ആർട്ട്, ന്യൂസ് പേപ്പർ ക്രാഫ്റ്റ് തുടങ്ങി ഓരോ ദിവസവും ഇത്തരത്തിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെയാണ് ലോക്ക് ഡൗണിലെ സമയ കൂടുതൽ ഈ നാൽവർ സംഘം പ്രയോജനപ്പെടുത്തുന്നത്.
തന്റെ പുതിയ കലാസൃഷ്ടികൾ ബന്ധുക്കൾക്കും കൂട്ടുകാരികൾക്കുമെല്ലാം അയച്ചുകൊടുത്തപ്പോൾ അവരെല്ലാം സൂപ്പർ എന്ന് മറുപടി നല്കിയതോടെ അനീനക്കും ഇപ്പോൾ ആവേശം കൂടിയിരിക്കുകയാണ്.
വീട്ടിൽ വേയ്സ്റ്റാകുന്ന പേപ്പറുകൾ കൊണ്ടെല്ലാം സുന്ദര ശില്പങ്ങളാണ് പുനർജനിക്കുന്നത്.
വീട്ടിലെ ഷോകേസിലെല്ലാം അനീനയുടെ കലാമേ· കാണാം. വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ മാണിക്യപാടം ഗാന്ധിഗ്രാമം കണ്ണന്പുഴ പറന്പൻ ആൻഡ്രൂസിന്റെ മകളാണ് അനീന.