സ്വന്തം ലേഖകൻ
തൃശൂർ: ആറു മാസമായി… ഇരിങ്ങാലക്കുട കോന്പാറ ആനീസ് കൊലക്കേസിലെ അജ്ഞാതനായ കൊലയാളി ഇപ്പോഴും മറഞ്ഞിരിക്കുന്നു. അന്വേഷണസംഘത്തിന്റെ സർവശ്രമങ്ങളേയും അതിജീവിച്ച് ആറുമാസത്തിനുശേഷവും കൊലയാളി എവിടെയോ വിലസുന്നു.
2019 നവംബർ 14നു കൊല്ലപ്പെട്ട ആനീസിന്റെ ഘാതകൻ അല്ലെങ്കിൽ ഘാതകർ ആരെന്നോ കൊലനടത്തിയത് എന്തിനുവേണ്ടിയെന്നോ ഉള്ള ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.
ഇരിങ്ങാലക്കുട ഈസ്റ്റ് കോന്പാറയിൽ അറവുശാലയ്ക്കു സമീപം പരേതനായ മാംസവ്യാപാരി കൂനൻ പോൾസന്റെ ഭാര്യ ആനീസിനെ വീട്ടിലെ ഡ്രോയിംഗ് റൂമിനോടു ചേർന്നുള്ള മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ആനീസ് ധരിച്ചിരുന്ന സ്വർണവളകൾ മോഷണം പോയിരുന്നു. എന്നാൽ വീട്ടിലുണ്ടായിരുന്ന പണമോ മറ്റ് ആഭരണങ്ങളോ നഷ്ടപ്പെട്ടിരുന്നില്ല. മോഷണമായിരുന്നു കൊലയ്ക്കു പിന്നിലെന്നു സംശയിക്കാമെങ്കിലും വീട്ടിലെ മറ്റുള്ള ആഭരണങ്ങളോ പണമോ നഷ്ടമാകാതിരുന്നതു ദുരൂഹമായി.
കൊലപാതകം നടന്ന വീടിനോടു ചേർന്നുള്ള വീട്ടിൽ ക്യാന്പു ചെയ്ത് അന്നുമുതൽ പോലീസ് സംഘം വിശദമായ അന്വേഷണം നടത്തിവരികയാണെങ്കിലും വ്യക്തമോ അവ്യക്തമോ ആയ ഒരു സൂചന പോലും പോലീസിനു ലഭിച്ചിട്ടില്ല.
അന്പതോളം വരുന്ന പോലീസുകാരടങ്ങുന്ന അന്വേഷണസംഘമാണ് ആനീസ് കൊലക്കേസിനു തുന്പുണ്ടാക്കാനായി പെടാപ്പാടു പെടുന്നത്. ജില്ലയിലെ പല സ്റ്റേഷനുകളിലേയും മിടുക്കൻമാരായ പോലീസുകാരെയാണ് സംഘത്തിൽ നിയോഗിച്ചിരിക്കുന്നത്.
ക്രൈംബ്രാഞ്ചിലെ സമർത്ഥരായ ഉദ്യോഗസ്ഥരുമുണ്ട്.ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. പോലീസിന്റെ അന്വേഷണം ഉൗർജിതമാണെന്നതിനാലും അനാസ്ഥയില്ലെന്നതിനാലും ആരും ഈ കേസ് വേറെ ഏതെങ്കിലും ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.
കൊല്ലപ്പെട്ട ആനീസിന്റെ മക്കളും പോലീസ് കുറ്റവാളിയെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽതന്നെയാണ്. ആനീസിന്റെ വീട്ടിൽനിന്ന് യാതൊരു തെളിവും അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല. ആയുധം പൊതിഞ്ഞുകൊണ്ടുവന്നതാണെന്ന് സംശയിക്കുന്ന ഒരു മലയാള ദിനപ്പത്രത്തിന്റെ തൃശൂർ എഡിഷന്റെ പേജു മാത്രമാണ് ഇതുവരെ പോലീസിനു ലഭിച്ചത്.
ആയുധം കണ്ടെത്താൻ സമീപപ്രദേശങ്ങളിലെല്ലാം കാടും പടലും വെട്ടിത്തെളിച്ച് തെരച്ചിൽ നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.
സിസി ടിവി കാമറ കൊലപാതകം നടന്ന വീട്ടിലോ അയൽപക്കങ്ങളിലോ ഇല്ലെങ്കിലും, വീട്ടിലേക്കുള്ള വഴിയിലുള്ള സിസി ടിവി കാമറകളിലെ ദൃശ്യങ്ങളും ചാനലുകാർ പകർത്തിയ ദൃശ്യങ്ങളുമെല്ലാം പോലീസ് പരിശോധിച്ചെങ്കിലും സൂചനകളിലേക്കെത്തുന്നതൊന്നും കിട്ടിയില്ല.
മണം പിടിച്ചോടിയ പോലീസ് നായയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല. അന്യസംസ്ഥാനക്കാർ, ആനീസിന്റെ ലൗ ബേർഡ്സ് ബിസിനസിലെ ഇടപാടുകാർ, ബന്ധുക്കൾ തുടങ്ങി നിരവധിപേരെ ആനീസ് കേസുമായി ബന്ധപ്പെട്ട് പോലീസ് വിശദമായി ചോദ്യം ചെയ്തു.
ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കു താമസിച്ചിരുന്ന ആനീസിനു രാത്രി കൂട്ടുകിടക്കാൻ വരാറുള്ള അടുത്ത വീട്ടിലെ പരിയാടത്ത് രമണി 14നു വൈകീട്ട് വീട്ടിൽ എത്തിയപ്പോഴാണ് വീടിന്റെ മുന്നിലെ വാതിൽ പുറത്തുനിന്ന് അടച്ചനിലയിൽ കണ്ടത്.
തുടർന്ന് അകത്തുകയറി നോക്കിയപ്പോഴാണ് ഡ്രോയിംഗ് മുറിക്കടുത്തുള്ള മുറിയിൽ രക്തത്തിൽ കുളിച്ചുമരിച്ച നിലയിൽ ആനീസിനെ കണ്ടത്.ശാസ്ത്രീയ പരിശോധനകളിലൂടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് പോലീസ് ശ്രമിക്കുന്നത്.
മറ്റേതെങ്കിലും അന്വേഷണ ഏജൻസികളെത്തും മുന്പേ അജ്ഞാതനായ ആ കൊലയാളിയെ നിയമത്തിനു മുന്നിലെത്തിക്കാനാണ് പോലീസിന്റെ ശ്രമം.