പയ്യന്നൂര്‍: ജീവിതോപാധിയായ ഓട്ടോറിക്ഷയെ ആരാധ്യനായ സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണോപാധിയാക്കി ഓട്ടോ ഡ്രൈവര്‍.
പയ്യന്നൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറും ശ്രീപ്രഭ ഓഡിറ്റോറിയത്തിന് സമീപത്തെ താമസക്കാരനുമായ പാറന്തിട്ട അനീഷ് (45) ആണ് തന്റെ ഗുരുനാഥന് കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.ഐ. മധുസൂദനനു വേണ്ടി തന്റെ ഓട്ടോയെ പ്രചാരണോപാധിയാക്കിയത്.
അനീഷിന്റെ താല്പര്യപ്രകാരം പയ്യന്നൂരിലെ പരസ്യ എജന്‍സിയായ റെഡ് രൂപകല്‍പ്പന ചെയ്ത പരസ്യമാണ് ഓട്ടോയിലുള്ളത്. സുബ്രഷ്മണ്യ ഷേണായി, കണ്ണന് നായര്‍, ടി. ഗോവിന്ദന് എന്നീ നേതാക്കളുടെ ചിത്രങ്ങളുള്‍പ്പെടെയാണ് സ്വന്തം ചെലവില്‍ ഓട്ടോയിൽ സ്ഥാപിച്ചത്.
ഓട്ടോ തൊഴിലാളി യൂണിയന്റെ (സിഐടിയു) നേതൃത്വത്തില്‍ അന്‍പതോളം ഓട്ടോകളും ഇത്തരത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചരണവുമായി സര്‍വീസ് നടത്തുന്നുണ്ട്.
1987-88 കാലഘട്ടത്തില്‍ ആംപിയർ ട്യൂഷന് സെന്ററില്‍ തന്റെ ഗുരുനാഥനായിരുന്നു മധുസൂദനനെന്നും ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും അനീഷ് പറഞ്ഞു.
പത്തു വര്‍ഷത്തെ പ്രവാസജീവിതത്തിന് ശേഷം പയ്യന്നൂരില്‍ ഓട്ടോയോടിച്ച് ജീവിക്കുന്ന അനീഷ് സിപിഎം പ്രവര്‍ത്തകനും മികച്ച അനൗണ്‍സറും കൂടിയാണ്.
പ്രമുഖ നേതാക്കള്‍ പങ്കെടുത്ത പയ്യന്നൂരിലെ പരിപാടികള്‍ക്കു വേണ്ടി ഇയാള്‍ അനൗണ്‍സ്മെന്റും നടത്തിയിട്ടുണ്ട്. അനീഷിന്റേതുള്പ്പെടെയുള്ള അന്‍പതോളം ഓട്ടോകള്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി നാടും നഗരവും ചുറ്റിയുള്ള ഓട്ടം പയ്യന്നൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് പുതിയ തരംഗമായിട്ടുണ്ട്.