തിരുവനന്തപുരം: മകളെ കാണാനെത്തിയ സുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് ഫോണ്‍ രേഖകൾ പരിശോധിച്ചുള്ള അന്വേഷണം ആരംഭിച്ചു. കേസിലെ പ്രതിയായ സൈമണ്‍ ലാലനെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തുമെന്ന് പേട്ട പോലീസ് വ്യക്തമാക്കി.
പേട്ട ബ്രിഡ്ജിന് സമീപം ഐശ്വര്യ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന അനീഷ് ജോർജിന്റെ കൊലപാതകക്കേസിലാണ് ഫോണ്‍ രേഖകൾ പരിശോധിച്ച് പോലീസ് അന്വേഷണം നടത്തുന്നത്.അനീഷിനെ സൈമണ്‍ ലാലന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തിയെന്നാണ് അനീഷിന്റെ മാതാപിതാക്കൾ ആരോപിച്ചത്.
സൈമണിന്റെ മകളോ ഭാര്യയോ വിളിക്കാതെ മകൻ അവിടേക്ക് പോകില്ലെന്നാണ് അനീഷിന്റെ മാതാവ് ഡോളി പറയുന്നത്. പെണ്‍കുട്ടിയുടെ മാതാവിന്റെ ഫോണ്‍കോൾ തന്റെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നുവെന്നും അവർ ആരോപിച്ചു. ഇതേത്തുടർന്നാണ് എല്ലാവരുടെയും ഫോണ്‍കോളുകൾ പോലീസ് പരിശോധിക്കുന്നത്.
സൈമണ്‍ ലാലന്റെ മകളുടെ മുറിയിൽ വച്ചാണ് യുവാവിനെ സൈമണ്‍ കുത്തി വീഴ്ത്തിയത്. വീടിന്റെ മുൻവശത്തെ റോഡ് വഴിയല്ല അനീഷ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീടിന് പിറകിൽ കാട് പിടിച്ച് കിടക്കുന്ന സ്ഥലത്ത് കൂടി മതിൽ ചാടി ക്കടന്നാണ് യുവാവ് വീട്ടിലെത്തിയത്.
പിന്നീട് രണ്ടാം നിലയിലെ പെണ്‍കുട്ടിയുടെ മുറിയിലേക്ക് പോകുകയായിരുന്നുവെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.മകളുടെ മുറിക്കുള്ളിൽ ഉണ്ടായിരുന്നത് അനീഷ് ജോർജാണെന്ന് മനസിലാക്കിയതിനുശേഷമാണ് കുത്തിയതെന്നു പോലീസ് പറയുന്നു.
മകളുടെ മുറിയിലെ ബാത്ത് റൂമിനകത്തു കയറി രക്ഷപ്പെടാൻ അനീഷ് ശ്രമിച്ചിരുന്നു. ഇയാളെ കണ്ട സൈമണ്‍ ബഹളം ഉണ്ടാക്കുകയും ആക്രമിക്കാൻ കത്തിയുമായി പാഞ്ഞടുക്കുകയുമായിരുന്നു. യുവാവിനെ കുത്തുന്നതു തടയാൻ സൈമണ്‍ ലാലന്റെ ഭാര്യയും മകളും ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റികൊണ്ടു കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പുലർച്ചെ രണ്ടോടെയാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. മൂന്നരയോടെയാണ് സൈമണ്‍ ലാലൻ അനീഷിനെ കണ്ടത്. തുടർന്നാണ് കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. കൊലപാതകത്തിനുശേഷം പോലീസ് സംഘം സൈമണ്‍ ലാലന്റെ വീട് സീൽ ചെയ്തിരിക്കുകയാണ്.