കരുനാഗപ്പള്ളിയില്‍ സദാചാര ഗുണ്ടകളുടെ ആക്രമത്തിനിരയായതില് മനംനൊന്ത് മരണത്തെ വരിച്ച അനീഷിന്റെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നു. അമ്മയെ അഭിസംബോധന ചെയ്ത് എഴുതിയിരിക്കുന്ന കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദികളായവരെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ചൊവ്വാഴ്ച്ച വൈകിട്ടാണ് അട്ടപ്പാടി കാരാറ ആനഗദ്ദ പള്ളത്ത് ഗോപാലകൃഷ്ണന്റെ മകന് അനീഷ് (22) വീടിനു തൊട്ടുള്ള മരത്തില്‍ തൂങ്ങിമരിച്ചത്.
അനീഷിന്റെ ആത്മഹത്യാക്കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ
അമ്മേ, അമ്മയ്ക്ക് കണ്ണുനീര് മാത്രമേ തന്നിട്ടുള്ളൂ. ഇനി ഒരു ജീവിതം എനിക്കില്ല. ലോകം മുഴുവനും ഞാന്‍ തെറ്റുകാരനാണെന്നു പറഞ്ഞിട്ടും അമ്മ എന്നെ ചേര്‍ത്തുപിടിച്ചു. ഇനി ഒരു ജന്മമുണ്ടെങ്കിലും ഞാന്‍ അമ്മയുടെ മകനായി ജനിക്കണം. ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്റെ മുറി അമ്മയ്ക്കു മാത്രം സ്വന്തം. ഏട്ടനെ എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്ന് എനിക്കറിയില്ല. വാക്കു പാലിക്കാന്‍ പറ്റിയില്ല. സോറി ഏട്ടാ, എന്റെ വണ്ടി വില്‍ക്കരുത്. എന്റെ ഓര്‍മയ്ക്കായി എന്നും ഏട്ടന്റെ കയ്യിലുണ്ടാകണം. പൊന്നുട്ടീ…, ഞാന്‍ തെറ്റുകാരനാണെങ്കിലും നിന്നെ ചതിച്ചിട്ടില്ല. വേറെ ഒരാളുടെ കൂടെ ജീവിക്കാന്‍ എനിക്കു പറ്റില്ല.
നീ വേറെ കല്ല്യാണം കഴിച്ചു സുഖമായി ജീവിക്കുക. ഏട്ടന് അമ്മയ്ക്കായി ജീവിക്കണം. നിനക്കു മകന് ജനിച്ചാല്‍ ഉണ്ണി എന്നു വിളിക്കണം. എനിക്കായി കരയരുത്. അവള് കള്ളം പറഞ്ഞതാണ്. അവളെ എന്റെ ഫ്രണ്ടായി മാത്രമേ കണ്ടിട്ടുള്ളൂ. അമ്മേ, അമ്മാമേ, മേമേ, കൊച്ചമ്മേ ഞാന്‍ പോകുവാ….നിങ്ങളെയൊന്നും കണ്ടു കൊതി തീര്‍ന്നിട്ടില്ല. ബിനുമാമനോട് എനിക്ക് സങ്കടമൊന്നുമില്ല. തിരുമേനിയോട് അന്വേഷണം പറയണം. പൊലീസിനുവേണ്ടി എന്റെ മരണത്തിന് ഉത്തരവാദികള്‍ ധനേഷ്, രമേശന് കായംകുളം ഇവര്‍ മാത്രം. ചങ്ക്മച്ചാന്‍, റാഫി, കുട്ടായി, സുപ്പ, കറുപ്പി, സുജി മിസ് യു ഓള്.
അതിനിടെ സോഷ്യല്‍ മീഡിയയുടെ ഇടപടെലാണ് അനീഷിന്റെ മരണത്തിന് കാരണമെന്ന് വിലയിരുത്തുന്നു. സോഷ്യല്‍ മീഡിയയുടെ അനാവശ്യ ഇടപെടലിന് കാരണമായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയാ സുഹൃത്തുക്കള്‍ തിരുവനന്തപുരത്ത് ഒത്തുകൂടി. മാനവീയം വീഥിയില്‍ വിളക്ക് കൊളുത്തിയാണ് അനീഷിന്റെ മരണത്തില്‍ സോഷ്യല്‍ മീഡിയാ കൂട്ടായ്മ ദുഃഖം രേഖപ്പെടുത്തിയത്.