കോട്ടയം: കൃത്രിമകാലും കൈയുമായി ശാരീരിക ന്യൂനതയുള്ളവരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അനീഷ് മോഹൻ ഇനി തനിച്ചല്ല. തന്റെ ജീവിത സഹിയെ ഫേസ് ബുക്കിലൂടെ കണ്ടെത്തിയിരിക്കുകയാണ് അനീഷ്. പുതുപ്പള്ളി വടക്കേക്കര വീട്ടിൽ പരേതനായ വി.എ. സുകുമാരന്റെയും കുഞ്ഞമ്മയുടെയും മകൾ നിധി സുകുമാരനു അനീഷ് നാളെ മിന്നു ചാർത്തും.
തന്റെ കഴിവുകളും കുറവുകളും മനസിലാക്കി വിവാഹം കഴിക്കാൻ താത്പര്യമുളള പെണ്‍കുട്ടികളുടെ മാതാപിതാക്കൾ വിളിക്കുക എന്നായിരുന്നു ഫേസ്ബുക്കിലെ കുറിപ്പ്. നിരവധി പേർ താത്പര്യം അറിയിച്ച് വിളിച്ചതിൽനിന്നും കോട്ടയം ഗിരിദീപം ബഥനി ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക നിധിയെ തെരഞ്ഞെടുക്കുകയായിരുന്നു.
2009 ഒക്ടോബർ 17നാണ് അനീഷിന്റെ ജീവിതത്തെ ഉലച്ച അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്കുള്ള യാത്ര കഴിഞ്ഞു വീട്ടിലേക്കുള്ള അവസാന ബസിൽ കയറാൻ പോകുന്പോൾ കാൽതട്ടി പാളത്തിൽ വീണു. ഇതേസമയം വന്ന ട്രെയിൻ കയറി വലതു കൈയും ഇടതു കാൽമൂട്ടിനു തഴെഭാഗവും നഷ്ടപ്പെട്ടു.
ജീവിതം അവസാനിച്ചെന്നു പലരും വിധിയെഴുതിയെങ്കിലും വിധിക്കു മുന്പിൽ ജീവിതം അടിയറവയ്ക്കാൻ അനീഷ് തയാറായില്ല. കൃത്രിമ കാലും കൈയുമായി അനീഷ് ജീവിതത്തിലേക്കു തിരിച്ചു വന്നു. സ്വകാര്യ കന്പനിയിൽ ജോലിക്കു കയറി.
മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റോടെ മോഡിഫിക്കേഷൻ ഇല്ലാത്ത കാർ ഉപയോഗിക്കാനുള്ള സൈലൻസ് സന്പാദിച്ചു. എംജി യൂണിവേഴ്സിറ്റിയിൽനിന്നും കൗണ്‍സിലിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായ അനീഷ് വൈകല്യമുള്ളവർക്കായി പ്രവർത്തിക്കുന്ന ഇപ്കായി എന്ന സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു.
പൊതുനിരത്തുകളിൽ ഭിന്നശേഷിക്കാർക്കും ശാരീരിക ന്യൂനതയുള്ളവർക്കുമായി പ്രത്യേക പാർക്കിംഗ്, കോട്ടയം കളക്ട്രേറ്റിൽ ലിഫ്റ്റ് തുടങ്ങിയവ അനീഷിന്റെ ശ്രമഫലമായാണ് ഉണ്ടായത്. ആർപ്പൂക്കര തിരുനല്ലൂർ ടി.കെ. മോഹനന്റെയും വത്സമ്മയുടെയും മകനായ അനീഷ് ഇപ്പോൾ ആർപ്പൂക്കര പഞ്ചായത്തിൽ ക്ലർക്കായി ജോലി ചെയ്യുന്നു.
നാളെ രാവിലെ 11.45നു പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് ഓഡിറ്റോറിയത്തിലാണു വിവാഹം.