കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കവേ ജോയിന്റ് കമ്മീഷണര്‍ അനീഷ് പി. രാജനെ സ്ഥലം മാറ്റിയ നടപടി ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്ന ആശങ്ക ഉയരുന്നു.
ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഇദേഹത്തെ നാഗ്പുരിലേക്കാണ് സ്ഥലംമാറ്റിയത്. കൊച്ചിയില്‍ ജോയിന്റ് കമ്മീഷണറായി എത്തിയശേഷം 1,400 ഓളം സ്വര്‍ണക്കടത്ത് കേസുകളാണു അനീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
എണ്ണൂറോളം പ്രതികളെയും അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതികളായ സന്ദീപിനെയും സ്വപ്നയെയും കോടതിയില്‍നിന്ന് കസ്റ്റഡിയില്‍വാങ്ങി ചോദ്യം ചെയ്തുവരുന്നതിനിടെയാണു സ്ഥലമാറ്റ ഉത്തരവും ഇറങ്ങിയത്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ആരും ഇടപെട്ടിട്ടില്ലെന്നു പറഞ്ഞതാണ് അദേഹത്തിന് വിനയായത്.
അനീഷിന്റെ പരസ്യ പ്രതികരണത്തിനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന നേതൃത്വവും രംഗത്തെത്തിയതോടെ കളം മാറുകയായിരുന്നു. ഒന്നരവര്‍ഷമായി കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന അദ്ദേഹത്തോട് ഓഗസ്റ്റ് 10നു മുമ്പായി നാഗ്പൂരില്‍ ചുമതലയേക്കണമെന്നാണു നിര്‍ദേശം.
അന്വേഷണ സംഘത്തിലെ വേറെ രണ്ടു ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണു മൂന്നാമനായി അനീഷ് പി. രാജനും കൊച്ചിവിടുന്നത്. തിരുവനന്തപുരത്തെ കള്ളക്കടത്ത് പിടികൂടിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ബന്ധപ്പെട്ട ചിലര്‍ കസ്റ്റംസിനെ വിളിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു.
അങ്ങനെയാരും തങ്ങളെ വിളിച്ചിട്ടില്ലെന്ന അനീഷിന്റെ പരസ്യപ്രതികരണമാണു തിരിച്ചടിയായത്. അനീഷിന്റെ സഹോദരനുള്ള ഇടതു രാഷ്ട്രീയബന്ധം ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നതായാണു വിവരം.
തൊട്ടുപിന്നാലെ അന്വേഷണ ചുമതലയില്‍നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും അനീഷ് പ്രത്യേകസംഘത്തില്‍ തുടരുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്.