കോട്ടയം: മത്സ്യവ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ചങ്ങനാശേരി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്ത ഗുണ്ടാ നേതാവിന്റെ പ്രവർത്തനങ്ങൾ വാട്സ് ആപ്പിലൂടെ. തൃക്കൊടിത്താനം കടമാൻചിറ സ്വദേശി അനീഷ്കുമാർ (പൈലി അനീഷ് -38)ആണ് അറസ്റ്റിലായത്.
കഴിഞ്ഞ സെപ്റ്റംബർ 26ന് ഉച്ചയ്ക്ക് ഒന്നിനാണ് ചങ്ങനാശേരി മോർക്കുളങ്ങരയിൽ വച്ചു മത്സ്യവ്യാപാരം നടത്തുന്ന പായിപ്പാട് വെള്ളാപ്പള്ളി സ്വദേശി രാഹുലിനെ (27)വെട്ടിയത്. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം ക്വട്ടേഷനാണെന്ന് തെളിഞ്ഞത്. ഈ കേസിൽ കുപ്രസിദ്ധ ഗുണ്ടാതലവൻ അയ്മനം സ്വദേശി വിനീത് സഞ്ജയ് (33) ഉൾപ്പെടെ 12 പേരെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് പിടിയിലായ പൈലി അനീഷ് ക്വട്ടേഷനുകൾ ഏറ്റെടുത്തശേഷം വാട്സ് ആപ് ഗ്രൂപ്പുകളിലൂടെയായിരുന്നു വിവിധ ആക്രമണങ്ങൾക്ക് മറ്റു ഗുണ്ടകളുടെ സഹായം തേടിയിരുന്നത്. ഇയാളുടെ മൊബൈലിൽ ക്വട്ടേഷൻ ആക്രമണങ്ങൾക്കു മാത്രം ഗുണ്ടകളെ സംഘടിപ്പിക്കുന്നതിനായി നിരവധി വാട്സ് ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുള്ളതായി പോലീസ് പറഞ്ഞു.
പൈലി അനീഷിനൊപ്പം നിരവധി പേരടങ്ങുന്ന യുവാക്കളുടെ സംഘം തൃക്കൊടിത്താനത്തും പരിസര പ്രദേശങ്ങളിലുമായുണ്ട്.ക്വട്ടേഷൻ ഏറ്റെടുത്ത് അക്രമം നടത്തിയശേഷം ഇതര സംസ്ഥാനങ്ങളിലേക്കു ഒളിവിൽ പോകുന്നതാണ് ഇയാളുടെ പതിവ് രീതി. മാസങ്ങൾക്കുശേഷം തിരികെയെത്തി അടുത്ത ക്വട്ടേഷൻ ഏറ്റെടുക്കുകയും ചെയ്യും.
ഇയാൾക്കായി പോലീസ് വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ ചങ്ങനാശേരിയിൽ എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി ആലപ്പുഴ റോഡിൽ മനയ്ക്കച്ചിറ ഭാഗത്തുനിന്നും സാഹസികമായി പിടികൂടുകയായിരുന്നു.
അക്രമത്തിനു ഗൂഡാലോചന നടത്തുകയും ക്വട്ടേഷൻ നൽകുകയും ചെയ്ത പൈലി അനീഷ് കൃത്യം നടന്നശേഷം മധുര, എറണാകുളം, ചെങ്ങന്നൂർ, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലാണ് ഒളിവിൽ കഴിഞ്ഞത്. ഇയാളുടെ പേരിൽ തൃക്കൊടിത്താനം, ചങ്ങനാശേരി പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുള്ളതായി പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ജി.ജയ്ദേവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി എസ്എച്ച്ഒ പ്രശാന്ത്കുമാർ, എസ്ഐമാരായ റാസിഖ്, രമേശ് ബാബു, എഎസ്ഐ ഷിനോജ്, സിജു കെ.സൈമണ്, ആന്റണി മൈക്കിൾ, ജീമോൻ, സീനിയർ സിപിഒ ആന്റണി, എസ്.ബൈജു, സപിഒ സാംസണ്, ജിബിൻ ലോബോ, കെ.എസ്.സുജിത് എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.