മാറനല്ലൂർ : തിരുവനന്തപുരം റൂറൽ എസ്പി അശോക് കുമാറിന്റെ ഡ്രൈവർക്ക് മർദനമേറ്റതായി പരാതി. ഉൗരൂട്ടന്പലം ഡാഫോഡിൽസിൽ അനീഷ് (32) നെയാണ് അകാരണമായി പോലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചതായി പരാതി ഉയർന്നത്.
ശനിയാഴ്ച ഏഴിനായിരുന്നു സംഭവം. മാറനല്ലൂർ ചീനിവിളയിലെ ഭാര്യാവീട്ടിലെത്തിയ അനീഷ് ഭാര്യയുടെ സഹോദരനുമായി കുടുബ വിഷയവുമായി ബന്ധപ്പെട്ട് വാക്കുതർക്കമുണ്ടായി.
ഈ സമയം ബൈക്കിൽ സിവിൽ ഡ്രസിലെത്തിയ എത്തിയ മാറനല്ലൂർ പോലീസ്റ്റേഷനിലെ പോലീസുകാരൻ വീടിന്റെ ഗേറ്റിന് സമീപം നിന്നിരുന്ന അനീഷിനെ ചോദ്യം ചെയ്യുകയും സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോവുകയുമായിരുന്നു. ജീപ്പിൽ കയറ്റുന്നതിന് മുന്പ് പോലീസുകാർ അനീഷിനെ ഭാര്യയുടെയും ബന്ധുക്കളുടെയും മുന്നിലിട്ട് മർദിച്ചെന്നും പരാതിയിൽ പറയുന്നു . സ്റ്റേഷനിലെത്തിച്ച അനീഷിനെ രാത്രി പത്തരയോടെ വിട്ടയച്ചു. മർദനത്തിൽ അനീഷിന്റെ മുതുകിന് ചതവ് പറ്റിയിട്ടുണ്ട്.
ജീപ്പിൽ കയറ്റുന്നതിനിടയിൽ ഡോറിനിടയിൽ കുടുങ്ങി അനീഷിന്റെ കാലിനും പരിക്കേറ്റു . താൻ റൂറൽ എസ്പി യുടെ ഡ്രൈവറാണെന്ന് അവർത്തിച്ച് പറഞ്ഞിട്ടും ബന്ധുക്കളുടെ മുന്നിൽ വച്ച് തന്നെ മർദിച്ചെന്ന് അനീഷ് റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്.
എന്നാൽ റോഡിന് സമിപം ബഹളം വച്ചതിനാൽ പോലീസുകാരനെ ജിപ്പിൽ കയറ്റി പോലീസ് സ്റ്റേഷനിൽ കൂട്ടിക്കൊണ്ട് വരിക മാത്രമാണ് ചെയ്യ്തതെന്നും ഇയാൾക്കെതിരെ കേസെടുത്തിട്ടില്ലെന്നും മാറനല്ലൂർ പോലീസ് പറഞ്ഞു. പോലീസുകാരനായിട്ടും തന്റെ ബന്ധുക്കളുടെ മുന്നിൽ പോലീസിന്റെ മർദനമേറ്റതിൽ അപമാനിതനായെന്ന് കാണിച്ചാണ് റൂറൽ എസ്പിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും അനീഷ് പരാതി നൽകിയിരിക്കുന്നത്.