കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനീഷ് രവി. കാര്യം നിസാരം എന്ന സീരിയലില്‍ മോഹനകൃഷ്ണന് എന്ന വില്ലേജോഫീസറായി തിളങ്ങിയ അനീഷ് നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമാണ്. സ്വത സിദ്ധമായ അവതരണത്തിലൂടെ അവതാരകനായും നായകനായും കഴിവ് തെളിയിച്ച അനീഷ് രവി ജീവിതത്തിലെ മറക്കാനാവാത്ത ചില ഷൂട്ടിംഗ് നിമിഷങ്ങളെക്കുറിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു
ഷൂട്ടിങ്ങിനിടെ രണ്ടു തവണ മരണത്തെ മുഖാമുഖം താന്‍ കണ്ടു. ‘ഓപ്പോള്’ എന്ന സീരിയലിന്റെ ഷൂട്ടിങിനിടെയിലായിരുന്നു ഒരു സംഭവം. ”അതില്‍ വീടിനു തീ പിടിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം ചിത്രീകരിക്കുന്നതിനിടെ എന്റെ ശരീരത്തിലേക്ക് തീ പടര്‍ന്നു. മേലാസകലം പൊള്ളിയുരുകി ഇരുപത്തിയെട്ടു ദിവസമാണ് ഞാന്‍ തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ കഴിഞ്ഞത്. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ല എന്നു കരുതിയ നിമിഷങ്ങള്‍ ആയിരുന്നു അത്.” അനീഷ് പറയുന്നു.
അച്ഛന് രവീന്ദ്രന് പ്രവാസിയായിരുന്നു. പിന്നെ നാട്ടില്‍ ചെറിയ ബിസിനസ് തുടങ്ങി. അമ്മ അംബിക വീട്ടമ്മയും. ഞങ്ങള്‍ നാലു മക്കളാണ്. ഞാന്‍ അതില്‍ ഏറ്റവും ഇളയതാണ്. ഒരു ഇടത്തരം ഓടിട്ട വീടായിരുന്നു ഞങ്ങളുടേത്. വലിയ ഹാള്‍ ആയിരുന്നു. ഞങ്ങള്‍ നാലു കുട്ടികളും കൂടി അവിടെ നിരനിരയായി കിടക്കും. പത്തായം ഉണ്ടായിരുന്നു.
ഉറിയുടെ മുകളില്‍ അമ്മ കിണ്ണത്തപ്പം ഉണ്ടാക്കി വയ്ക്കും. അമ്മ കാണാതെ അത് അടിച്ചു മാറ്റുന്നത് ഞങ്ങളുടെ പതിവായിരുന്നു. ഒരു ദിവസം ഉറിയുടെ മുകളിലുള്ള അപ്പം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഉറി പൊട്ടി തലയില്‍ വീണു. തലയില്‍ സ്റ്റിച്ചും ഇട്ടു, അമ്മയുടെ വഴക്കും കിട്ടി.
വീട്ടില്‍ ആടും കോഴിയുമൊക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ നാട്ടില്‍ ദേശ്പ്രേമി എന്നൊരു ആര്‍ട്സ് ക്ലബ് ഉണ്ടായിരുന്നു. ചെറുപ്പത്തില്‍ അതിലൂടെ നാടകരംഗത്തേക്ക് എത്തി. പിന്നീട് മിനിസ്ക്രീനിലേക്കും അവിടെനിന്നു സിനിമയിലും തലകാണിച്ചു.