അഗളി: സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തു. അഗളി പോലീസാണ് കേസെടുത്തത്. അഗളി കാരറ പള്ളത്തുവീട്ടിൽ അനീഷിന്റെ (22) മരണവുമായി ബന്ധപ്പെട്ടാണ് പോലീസ് കേസെടുത്തത്. അനീഷിന്റെ ആതമഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
രമേശ്, ധനേഷ് എന്നിവർ തന്നെ വീണ്ടും അപമാനിക്കാൻ ശ്രമിക്കുന്നതായും അതിനാൽ ജീവനൊടുക്കുകയാണെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. അനീഷിനെ പ്രതികളും സുഹൃത്തുക്കളും ചേർന്ന് ഫേസ്ബുക്കിലൂടെ വീണ്ടും അപമാനിക്കാൻ ശ്രമിച്ചിരുന്നു. ഇതിൽ അനീഷിന് മനോവിഷമം ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. തന്നെ ഫേസ്ബുക്കിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അനീഷ് പോലീസിനെ സമീപിച്ചിരുന്നു. വ്യാഴാഴ്ചയാണ് അനീഷിനെ വീടിനു സമീപത്തെ കൃഷിയിടത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ 14നു കൊല്ലം കരുനാഗപ്പള്ളിയിലെ ബീച്ചിൽ പെണ്സുഹൃത്തുമൊന്നിച്ചിരിക്കുമ്പോഴാണ് സദാചാരഗുണ്ടകൾ അനീഷിനെ ആക്രമിച്ചത്. ഇവരുടെ വീഡിയോയും മൊബൈലിൽ പകർത്തിയിരുന്നു. സംഭവം സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചതോടെ യുവാവ് മാനസികമായി വിഷമത്തിലായിരുന്നു. ഇതിനിടെ, കൊല്ലത്തു പോലീസിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കരുനാഗപ്പള്ളിയിൽ ഒരു സ്വകാര്യകമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു യുവാവ്. സംഭവത്തിനുശേഷം നാട്ടിലെത്തിയ അനീഷ് ഏറെ മാനസികവിഷമത്തിലായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. ഇന്നലെ വൈകുന്നേരം ആറിന് അനീഷിനെ കാണാത്തതിനെതുടർന്ന് അമ്മ ലത നടത്തിയ തെരച്ചിലിലാണ് തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. വിവരമറിയിച്ച പ്രകാരം അഗളി പോലീസ് സ്ഥലത്തെത്തി. ഇന്നു തുടർനടപടികൾ സ്വീകരിക്കും. അജീഷ് ഏകസഹോദരനാണ്.