തിരുവമ്പാടി: സ്വന്തമായി ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ ആനൂകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതി.
വാഹനാപകടത്തെത്തുടർന്ന് പത്തര വർഷമായി കിടപ്പിലായ നിർധന കുടുംബത്തിലെ അനീഷ് എന്ന ചെറുപ്പക്കാരൻ സ്വന്തമായി ആധാർ കാർഡില്ലാത്തതിനാൽ റേഷൻ കാർഡിൽനിന്നും ഒഴിവാക്കൽ ഭീഷണിയിലാണ്.
കൂടരഞ്ഞി പഞ്ചായത്തിലെ ഏഴാം വാർഡ് പുഷ്പഗിരിയിൽ താമസിക്കുന്ന അനീഷ് കൂലിപ്പണികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു എതിരെ വന്ന പിക്ക് – അപ് ലോറിക്കിടയിൽ പെട്ട് അപകടമുണ്ടായത്.
തലച്ചോറിന് ക്ഷതം സംഭവിച്ച അനീഷിന് ഇന്ന് സ്വന്തമായി ഒന്നും ചെയ്യുവാൻ കഴിയില്ല. ആളുകളുടെ സഹായത്താലാണ് അമ്മയും ഭാര്യയും 10 വയസുള്ള മകളും അടങ്ങുന്ന കുടുംബം ഓരോ ദിവസവും തള്ളി നീക്കുന്നത്.
അനീഷിന് സ്വന്തമായി ആധാർ കാർഡ് ഇല്ല. പലയിടത്തും ഇക്കാര്യം അറിയിച്ച് അപേക്ഷ കൊടുത്തെങ്കിലും തീരുമാനം ഉണ്ടായില്ല.
ഒടുവിൽ കഴിഞ്ഞ വർഷം കൂടരഞ്ഞി അക്ഷയ കേന്ദ്രത്തിൽ നിന്നും വന്ന് ഫോട്ടോയും മറ്റും എടുത്തെങ്കിലുംഫോട്ടോ തെളിഞ്ഞില്ല എന്ന കാരണത്താൽ ആധാർ കാർഡ് ലഭിച്ചില്ല. ഇപ്പോൾ റേഷൻ കാർഡിൽ നിന്നും പേര് വെട്ടുമെന്നറിയിച്ചപ്പോൾ വീണ്ടും അക്ഷയ കേന്ദ്രത്തെ സമീപിച്ചു.
സഹായം തേടിയപ്പോൾ അക്ഷയ കേന്ദ്രത്തിൽ എത്തിച്ചാൽ ആധാർ കാർഡ് എടുത്തു തരാമെന്നാണ് അവർ പറയുന്നത്. പരസഹായം കൂടാതെ എഴുന്നേൽക്കാൻ കഴിയാത്ത ആൾ കൂടരഞ്ഞിയിലെ രണ്ടാം നിലയിലുള്ള അക്ഷയ കേന്ദ്രത്തിൽ എത്തുക എന്നത് ദുഷ്ക്കരമാണ്.
പ്രത്യേക സാഹചര്യം പരിഗണിച്ച്ആധാർ കാർഡ് ലഭിക്കുവാനായി അധികാരികളുടെ കനിവിനായി കാത്തിരിക്കുകയാണ്.