കൊല്ലം: പരവൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ എപിപി എസ്. അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ രണ്ട് ഉദ്യോഗസ്ഥർക്ക് ഒടുവിൽ സസ്പെൻഷൻ. കൊല്ലത്തെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് അബ്ദുൾ ജലീൽ, പരവൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. ശ്യാം കൃഷ്ണ എന്നിവരെയാണ് ആഭ്യന്തര വകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
അനീഷ്യയുടെ മരണം നടന്ന് 12-ാം ദിവസമാണ് സസ്പെൻഷൻ നടപടി. ജി.എസ്. ജയലാൽ എംഎൽഎ വിഷയം നിയമസഭ യിൽ സബ്മിഷനായി ഉന്നയിച്ചതിന് പിന്നാലെ ധൃതിപിടിച്ചാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയതെന്ന് ഇതിൽ നിന്നു വ്യക്തമാണ്.
കഴിഞ്ഞ മാസം 21നാണ് അനീഷ്യ ജീവനൊടുക്കിയത്. 23ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻസ് ടി.എ. ഷാജി സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻസ് (ഹെഡ്ക്വാർട്ടേഴ്സ്) കെ. ഷീബയ്ക്കാണ് അന്വേഷണ ചുമതല. 14 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് ഡിജിപി ഇവരോട് നിർദേശിച്ചിട്ടുള്ളത്.
പരവൂർ പോലീസ് അന്വേഷിച്ച കേസ് സിറ്റി പോലീസ് ക്രൈംബ്രാഞ്ചിന് 24ന് കൈമാറി. അസ്വാഭാവിക മരണത്തിനാണ് പരവൂർ പോലീസ് കേസെടുത്തിരുന്നത്. അതേ വകുപ്പിൽ കടിച്ചുതൂങ്ങി തന്നെയാണ് ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നത്. സിറ്റി ക്രൈംബ്രാഞ്ച് എസിപി എൻ.ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
അനീഷ്യയുടെ വീട്ടിൽ എത്തിയ സംഘം ഭർത്താവും മകളും അടക്കമുള്ള അടുത്ത ബന്ധുക്കളിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. തുടർന്ന് അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അനീഷ്യയുടെ വാട്സ് ആപ്പ് ശബ്ദ സന്ദേശങ്ങളും ഡയറിക്കുറിപ്പും പരിശോധിച്ച സംഘം, ആത്മഹത്യാ പ്രേരണാ ക്കുറ്റം പോലും ഇതുവരെ ചുമത്തിയിട്ടില്ല. ഇതുവരെയും ആരോപണവിധേയരിൽനിന്ന് മൊഴികൾ ശേഖരിക്കാൻ തയാറായിട്ടുമില്ല.
അതേസമയം, ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞത്.അനീഷ്യ എഴുതിയതെന്നു കരുതുന്ന ഡയറിക്കുറിപ്പിലെയും ഇവരുടേതെന്നു പറയുന്ന ശബ്ദരേഖയിലെയും ആരോപണങ്ങളെ സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തുന്നതിനുള്ള നടപടിയും അന്വേഷണസംഘം സ്വീകരിച്ചിട്ടുണ്ടെന്നും സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.