തൃശൂർ: “ദാ നിൽക്കുന്നു, നമ്മുടെ ആള്’- സൂപ്പർ സ്റ്റാർ സുരേഷ് ഗോപി എംപി ഉറക്കെത്തന്നെ പറഞ്ഞ് അനഘയുടെ അരികിലത്തി. സുരേഷ് ഗോപിയുടെ വരവു കണ്ടപ്പോൾ പ്ലസ് വണ് വിദ്യാർഥിനിയായ അനഘയ്ക്ക് ആഹ്ലാദവും വിസ്മയവും, ഒപ്പം നാണവും.
അരികിലെത്തിയ സൂപ്പർതാരം കൈനീട്ടിയപ്പോൾ അനഘ ഹസ്തദാനം നൽകി. “മിടുക്കീ’ എന്നു വിളിച്ച് സുരേഷ് ഗോപി അനഘയെ ചേർത്തുപിടിച്ചു. അനഘയോടും കൂടെയുണ്ടായിരുന്ന അമ്മ ഉഷയോടും സഹോദരൻ അക്ഷയ്നോടുമെല്ലാം കുശലാന്വേഷണങ്ങൾ. പിന്നെ അനഘയെയും കുടുംബാംഗങ്ങളെയും അദ്ദേഹം ചായക്കു ക്ഷണിച്ചു. ചായയും പഴംപൊരിയും ഇഷ്ടതാരത്തോടൊപ്പം കഴിച്ചു. പിന്നെ യാത്ര പറഞ്ഞു പിരിയുമ്പോൾ അനഘയ്ക്ക് സുരേഷ് ഗോപി നേർന്നു, സ്നേഹാശംസകൾ.
വർഷങ്ങളായുള്ള ആഗ്രഹം സാക്ഷാത്കരിച്ചതിന്റെ ആഹ്ലാദത്തോടെയാണ് അനഘ വീട്ടുകാർക്കൊപ്പം മടങ്ങിയത്. ഇന്നലെ ലുലു കണ്വൻഷൻ സെന്ററിലായിരുന്നു ഈ രംഗങ്ങൾ. കഴിഞ്ഞ നവംബറിൽ തിരുവനന്തപുരത്തു നടന്ന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ താരമാണ് അനഘ. ഇഷ്ടതാരമായ സുരേഷ് ഗോപി വരുന്നുണ്ടെന്നു പറഞ്ഞാണ് അനഘയെ വീട്ടുകാരും സംഘാടകരും മത്സരവേദിയിലെത്തിച്ചത്. മത്സരം കഴിഞ്ഞതോടെ സദസിലെത്തിയ അനഘ, സൂപ്പർതാരം എവിടെയെന്നു ചോദിച്ചു. അന്ന് അദ്ദേഹം എത്തിയിരുന്നില്ല.
ഈ വിശേഷം ദീപിക ദിനപത്രത്തിൽ വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത വായിച്ച സുരേഷ് ഗോപി, തൃശൂരിലോ ഗുരുവായൂരിലോ എത്തുമ്പോൾ അനഘയെ കാണാമെന്ന് ദീപികയുടെ തിരുവനന്തപുരം ലേഖകനെ അറിയിച്ചിരുന്നു. ഇന്നലെ ജ്യോതി എൻജിനിയറിംഗ് കോളജിന്റെ ക്രിസ്റ്റൽ ജൂബിലി സമ്മേളനത്തിനായി ലുലു കണ്വൻഷൻ സെന്ററിൽ വരുന്നുണ്ടെന്ന് അറിയിച്ചതനുസരിച്ചാണ് അനഘയും വീട്ടുകാരും എത്തിയത്.
ഗുരുവായൂർ പാർഥസാരഥി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കടാംപുള്ളി വീട്ടിൽ ഷണ്മുഖന്റെ മകളാണ് അനഘ. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. ജ്യേഷ്ഠൻ അക്ഷയ് ബിടെക്കും എംബിഎയും കഴിഞ്ഞ് അബുദാബിയിൽ ജോലി ചെയ്യുകയാണ്. അനഘയെ മോഹിനിയാട്ടത്തിനു പുറമേ, ഭരതനാട്യവും കുച്ചുപ്പുടിയും അഭ്യസിപ്പിച്ചത് കലാമണ്ഡലം രമടീച്ചറാണ്.