ഉറക്കമില്ലാത്ത കാമുകിക്ക് ഡോക്ടറായ കാമുകൻ അനസ്തേഷ്യ നൽകി. പിന്നാലെ കാമുകി മരണപ്പെട്ടു. ആറ് മണിക്കൂറിനുള്ളിൽ 20 തവണയിലധികം തവണയാണ് കാമുകൻ യുവതിക്ക് അനസ്തേഷ്യ നൽകിയത്. വൈദ്യപരിശോധനയിൽ യുവതിയുടെ മരണകാരണം പ്രൊപ്പോഫോളിന്റെ അമിതമായ ഉപയോഗം ആണെന്ന് കണ്ടെത്തി.
യുവതിയുടെ മരണത്തോടെ കാമുകനായ ഡോക്ടർക്കെതിരേ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തു.
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ലെഷാനിലെ ജിയാജിയാംഗ് കൗണ്ടിയിലെ ഒരു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ ക്യു ആണ് കൊലപാതക കുറ്റത്തിന് പിടിയിലായത്. ഇയാളുടെ കാമുകിയായ ചെൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
സോഷ്യൽ മീഡിയ വഴിയാണ് തങ്ങൾ പരിചയപ്പെടുന്നതെന്ന് ക്യൂ പറഞ്ഞു. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും യുവതി തന്റെ ഉറക്കമില്ലായ്മയെ കുറിച്ച് തന്നോട് പറഞ്ഞിരുന്നു. ഉറക്കക്കുറവ് ലഘൂകരിക്കുന്നതിനായി അനസ്തേഷ്യ നൽകണമെന്നും ചെൻ തന്നോട് ആവശ്യപ്പെട്ടെന്നും കാമുകൻ പറഞ്ഞു. അങ്ങനെയാണ് അനസ്തേഷ്യ നൽകിയതെന്നും ക്യൂ കൂട്ടിച്ചേർത്തു.